ടെഹ്‌റാൻ: അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധത്തെ തുടർന്ന് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം ഗണ്യമായി തടസ്സപ്പെട്ടതായി റിപ്പോർട്ടുകൾ. യുഎസും ഇറാനും തമ്മിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച ഉപരോധമാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തെ പ്രതിസന്ധിയിലാഴ്ത്തിയത്. ചൈനീസ് ഉടമസ്ഥതയിലുള്ള ‘റിച്ച് സ്റ്റാറി’ ഉൾപ്പെടെയുള്ള നിരവധി ടാങ്കറുകൾക്ക് യാത്ര പൂർത്തിയാക്കാനാവാതെ പിന്തിരിയേണ്ടിവന്നതായാണ് വിവരം.
ഇറാനെതിരായ സൈനിക സമ്മർദ്ദം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചത്. ഇതോടെ ആഗോള എണ്ണ വിപണിയിലും ഇൻഷുറൻസ് മേഖലയിലും വലിയ ആശങ്കകൾ ഉയർന്നിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മേഖലയിൽ കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്; യുഎസ് സേന കർശന പരിശോധനകളും നിയന്ത്രണങ്ങളും തുടർന്നുകൊണ്ടിരിക്കുകയാണ്.
ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്. ഇതോടെ അന്താരാഷ്ട്ര സമുദ്രപാതയിൽ യുദ്ധസമാനമായ സാഹചര്യം രൂപപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ കപ്പലുകളെയാണ് പ്രധാനമായും ലക്ഷ്യമിട്ട് ഉപരോധം നടപ്പിലാക്കുന്നത്.
ഉപരോധം പ്രാബല്യത്തിൽ വന്ന ആദ്യ 24 മണിക്കൂറിനുള്ളിൽ ഒരു കപ്പലിനും നിയന്ത്രണം മറികടക്കാൻ കഴിഞ്ഞില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. സേനയുടെ നിർദ്ദേശപ്രകാരം ആറ് ചരക്ക് കപ്പലുകൾ ഇറാനിയൻ തുറമുഖങ്ങളിലേക്കു തന്നെ തിരിച്ചയച്ചതായും അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉപരോധം നിലവിൽ വന്നതിന് പിന്നാലെ ഈ ജലപാത കടക്കാൻ ശ്രമിച്ച എട്ട് കപ്പലുകളിൽ ഒന്നായിരുന്നു ചൈനീസ് ഉടമസ്ഥതയിലുള്ള റിച്ച് സ്റ്റാറി. ഒമാൻ ഉൾക്കടലിലെ ചബഹാർ തുറമുഖത്തിൽ നിന്ന് പുറപ്പെടാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകളെയും യുഎസ് യുദ്ധക്കപ്പൽ തടഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇറാനുമായുള്ള വ്യാപാര ഇടപാടുകളുടെ പേരിൽ റിച്ച് സ്റ്റാറിയെയും അതിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുന്റൺ ഷിപ്പിംഗ് കമ്പനിയും നേരത്തേ തന്നെ യുഎസ് ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. യുഎഇയിലെ ഹംരിയ തുറമുഖത്ത് നിന്ന് കയറ്റിയ ഏകദേശം 2,50,000 ബാരൽ മെഥനോൾ ആണ് ഈ ടാങ്കറിൽ ഉണ്ടായിരുന്നത്.
അതേസമയം, യുഎസ് ഉപരോധത്തിലുള്ള മറ്റൊരു വൻ ടാങ്കറായ ‘അലീഷ്യ’ ബുധനാഴ്ച കടലിടുക്ക് വഴി ഗൾഫ് മേഖലയിലേക്ക് പ്രവേശിക്കുന്നതായി റിപ്പോർട്ടുണ്ട്. ഏകദേശം 20 ലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ ഇറാഖിൽ നിന്ന് ചരക്ക് കയറ്റുന്നതിനായാണ് പോകുന്നത്. ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാത്തതിനാൽ ഈ കപ്പലിന് വലിയ തടസ്സങ്ങൾ നേരിടേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ.
ഫെബ്രുവരി അവസാനം വരെ പ്രതിദിനം 130-ലധികം കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിച്ചിരുന്നുവെങ്കിലും, നിലവിൽ ഗതാഗതം വളരെ കുറഞ്ഞിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതകളിലൊന്നായ ഈ കടലിടുക്കിൽ ഉണ്ടാകുന്ന ഏതു തരത്തിലുള്ള തടസ്സവും ആഗോള വിപണിയിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ എണ്ണവില വർധനയും വിതരണ പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി















































