തൃശ്ശൂർ: അന്തിക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുബം. മോഷണ കുറ്റം ആരോപിച്ച് ചില ജീവനക്കാർ നടത്തിയ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്തിക്കാട് സ്വദേശിയായ സ്മിത സുനിലിന്റെ കുടുംബാംഗങ്ങളാണ് സ്ഥാപനത്തിനും പൊലീസിനുമെതിരെ പരാതി ഉന്നയിക്കുന്നത്. കുടുംബം പരസ്യമായി രംഗത്ത് വന്നതോടെ ആരോപണങ്ങൾ വിശദമായി അന്വേഷിക്കാൻ ജില്ലാ പോലീസ് സൂപ്രണ്ട് നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്മിതയുടെ മരണം തൊഴിലിടത്തെ മാനസിക പീഡനം മൂലം ആണെന്നായിരുന്നു കുടുംബത്തിന്റെ പരാതി. സ്ഥാപന ഉടമകള്‍ക്കും വ്യക്തിഹത്യ ചെയ്ത സ്ഥാപനത്തിലെ രണ്ട് വനിതകള്‍ക്കും സൂപ്പര്‍വൈസര്‍മാർക്കും എതിരെ പരാതി നൽകിയിട്ടും അന്തിക്കാട് പോലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
മെയ് 15നാണ് വീടിനോട് ചേര്‍ന്ന ശുചിമുറിയില്‍ സ്മിത തീകൊളുത്തി ജീവനൊടുക്കിയത്. 25 വർഷമായി ഒരേ സ്ഥാപനത്തിലാണ് സ്മിത ജോലി ചെയ്തിരുന്നത്. എന്നിട്ടും മരണശേഷം സ്മിതയുടെ ഭര്‍ത്താവിനെയോ മക്കളെയോ കാണാൻ ഉടമകള്‍ എത്തിയിരുന്നില്ല. ഇതിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു.






