കണ്ണൂർ: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനും പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. പിണറായി വിജയനെ ലക്ഷ്യമിടുന്നത് സിപിഎമ്മിനെ തകർക്കുന്നതിന്റെ ഭാഗമാണെന്ന് പി. ജയരാജൻ ആരോപിച്ചു. കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആർഎസ്എസാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റുകൾ ലഭിച്ചു. പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും അധികാരം നേടാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കേരളത്തെ കീഴടക്കണമെങ്കിൽ ആദ്യം സിപിഎമ്മിനെ തകർക്കണം. ഇതിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തിലെത്തിയതെന്നും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ ഉൾപ്പെടുത്തുന്നതിന് പിന്നിലും ഇതേ ലക്ഷ്യമാണെന്നും പി. ജയരാജൻ പറഞ്ഞു.
ഇഡി നടപടിയിൽ വി.ഡി. സതീശൻ സന്തോഷിക്കുകയാണെന്നും പി. ജയരാജൻ ആരോപിച്ചു. ഇഡിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം സംബന്ധിച്ച് താൻ ഏറെ പുകഴ്ത്തലുകൾ കേൾക്കുന്നുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ സ്വപ്നലോകത്തേക്ക് പോകില്ലെന്നും പി. ജയരാജൻ പറഞ്ഞു. സെക്രട്ടേറിയറ്റ് അംഗത്വം തനിക്ക് വൈകിയെന്ന പ്രചാരണം വലതുപക്ഷത്തിന്റേത് മാത്രമാണ്. പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരായ ഉൾപ്പാർട്ടി സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് തോൽവികളെക്കുറിച്ച് കേന്ദ്ര കമ്മിറ്റി കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാർട്ടിയുടെ ധാരണയ്ക്ക് അനുസരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തും. സിപിഎമ്മിനകത്ത് ആശയക്കുഴപ്പങ്ങളുണ്ടെങ്കിൽ അവ തിരുത്താനുള്ള ശക്തി പാർട്ടിക്കുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.
മന്ത്രി കെ.എം. ഷാജി സ്വകാര്യ കാറിൽ സഞ്ചരിച്ചത് അത്ഭുതകരമാണെന്നും ഇനിയും അങ്ങനെ സഞ്ചരിക്കുമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പി. ജയരാജൻ പ്രതികരിച്ചു.






