റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച പുലർച്ചെ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. മേഖലയിൽ ശത്രുപക്ഷത്തിന്റെ വ്യോമാക്രമണ ഭീഷണിയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടത്.
പുലർച്ചെ മൂന്നുമണിയോടെ റിയാദിലെ ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് എയർ റെയ്ഡ് മുന്നറിയിപ്പ് സന്ദേശം എത്തി. മേഖല ശത്രുപക്ഷത്തിന്റെ വ്യോമാക്രമണ ഭീഷണിയിലാണെന്നും ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നുമായിരുന്നു സന്ദേശം. ഇതിന് പിന്നാലെ രണ്ട് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ഏകദേശം അരമണിക്കൂറിന് ശേഷം സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് പിൻവലിച്ചു.
ജൂലൈയിൽ യെമനിലെ പോരാട്ടം രൂക്ഷമായതിന് ശേഷം റിയാദിന് നേരെ നേരിട്ട് ആക്രമണ ഭീഷണി ഉയരുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്. ബാബ് അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം കൈവശപ്പെടുത്തിയതായി അവകാശപ്പെടുന്ന ഹൂതികൾ സൗദി അറേബ്യയുടെ എണ്ണക്കപ്പലുകൾക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ചെങ്കടൽ വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ വലിയ കുറവുണ്ടായതായി നാവിക നിരീക്ഷണ ഏജൻസിയായ ക്ലെപ്ലർ വ്യക്തമാക്കിയിരുന്നു.
സൗദി കപ്പലുകൾ ഒഴികെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പലുകൾക്ക് ബാബ് അൽ മന്ദബ് വഴി സുരക്ഷിതമായി കടന്നുപോകാമെന്നാണ് ഹൂതികളുടെ നിലപാട്. അതേസമയം, യെമനിൽ പോരാട്ടം വീണ്ടും ശക്തമായതോടെ 1.12 ലക്ഷത്തിലധികം പേർക്ക് വീടുകൾ നഷ്ടപ്പെട്ടതായും മൂവായിരത്തോളം പേർ കടൽമാർഗം ജിബൂട്ടിയിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച അറിയിച്ചു.
ഇതിനിടെ സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികൾ അവകാശപ്പെട്ടു. യെമനിലെ മാരിബ് പ്രവിശ്യയിൽ തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് വിമാനം തകർത്തതെന്നാണ് ഹൂതി സൈനിക വക്താവ് യാഹ്യ സാരീയുടെ അവകാശവാദം. പ്രാദേശികമായി നിർമിച്ച മിസൈൽ ഉപയോഗിച്ചാണ് വിമാനം വീഴ്ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഹൂതികൾ പുറത്തുവിട്ട നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വിമാനം ലക്ഷ്യമിടുന്ന ദൃശ്യങ്ങളും പിന്നീട് തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപം ആയുധങ്ങളുമായി ഹൂതി പോരാളികൾ നിൽക്കുന്നതും കാണാം. തങ്ങളുടെ വ്യോമപരിധിയിൽ അതിക്രമിച്ച് കയറി ശത്രുതാപരമായ നീക്കങ്ങൾ നടത്തിയതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് ഹൂതികളുടെ വിശദീകരണം. യുദ്ധവിമാനം തകർത്തതുമായി ബന്ധപ്പെട്ട ഹൂതി അവകാശവാദത്തിന് സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല.






