സുൽത്താൻ ബത്തേരി; വീട്ടിൽ വ്യാജമദ്യം സൂക്ഷിച്ച കേസിൽ റിമാൻഡിലായ ആന്റോ അഗസ്റ്റിൻ വീട് ഹോംസ്റ്റേയാക്കാൻ അപേക്ഷ നൽകിയത് വീട്ടിൽ സമാന്തര ബാർ നടത്താനായിരുന്നോയെന്നു സംശയിക്കുന്നതായി എക്സൈസ് സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. അതുപോലെ പ്രതിക്കു മറ്റെവിടെയെങ്കിലും ഇത്തരം മദ്യനിർമാണ യൂണിറ്റുകളുണ്ടോയെന്നു കണ്ടെത്തേണ്ടതുണ്ടെന്നും എക്സൈസ് കോടതിയെ അറിയിച്ചു.പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽആൽക്കഹോൾ അടങ്ങിയ 12.750 ലിറ്റർ പാനീയം ഉൾപ്പെടെ 67 ലിറ്ററിലധികം മദ്യം കണ്ടെത്തിയിരുന്നു.
അതേപോലെ മദ്യം കണ്ടെത്തിയ വീട് തന്റേതല്ലെന്ന ആന്റോയുടെ വാദം എക്സൈസ് തള്ളി. അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെത്തിയ വീട് ആന്റോ അഗസ്റ്റിന്റേതല്ലെന്ന വാദമാണു പ്രതിഭാഗം കോടതിയിൽ പ്രധാനമായും ഉയർത്തിയത്. എന്നാൽ, മാർച്ച് 18ന് മുട്ടിൽ പഞ്ചായത്തിൽ വീടിനു നികുതിയായി 8068 രൂപ അടച്ചതിന്റെ രേഖ എക്സൈസ് കോടതിയിൽ ഹാജരാക്കി. ആന്റോയെ അറസ്റ്റ് ചെയ്ത സെപ്റ്റംബർ 17ന് മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ സർട്ടിഫിക്കറ്റിലും വീട് ആന്റോയുടെ പേരിലാണെന്നു വ്യക്തമാക്കുന്നതാണ്. റവന്യു രേഖകൾ പ്രകാരം, വീട് നിൽക്കുന്ന സ്ഥലത്തിന്റെ ഉടമയും ആന്റോ അഗസ്റ്റിനാണെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അബുൽ ഹസൻ കോടതിയെ അറിയിച്ചു.
അതേസമയം 2022ൽ എസ്ബിഐ ജപ്തി ചെയ്തതിനുശേഷം ആന്റോയുടെ വീട് ലില്ലിക്കുട്ടി എന്നൊരാൾ വാങ്ങിയെന്നതിന്റെ സർട്ടിഫിക്കറ്റ് മാത്രമേ പ്രതിഭാഗത്തിനു ഹാജരാക്കാനായുള്ളൂ. ഉടമസ്ഥാവകാശം റജിസ്റ്റർ ചെയ്തുനൽകിയതിന്റെ ആധാരം ഹാജരാക്കിയില്ല. സെയിൽ ലെറ്റർ ആധികാരിക രേഖയല്ലെന്ന വാദവും പ്രോസിക്യൂഷൻ ഉയർത്തി. വീട്ടിൽ ആന്റോയും ബന്ധുക്കളും നടത്തിയ ആഘോഷങ്ങളുടെയും വിരുന്നുസൽക്കാരത്തിന്റെയും ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ച് കോടതിയിൽ ഹാജരാക്കിയിരുന്നു.




