വാഷിങ്ടൺ: ഇസ്രയേലിന് 40,000 വൻ ബോംബുകൾ നൽകാനുള്ള 280 കോടി ഡോളറിന്റെ ആയുധ ഇടപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം. 2000 പൗണ്ട് വീതം ഭാരമുള്ള എംകെ–84, ബിഎൽയു–117 ബോംബുകളാണ് ഇടപാടിന്റെ പ്രധാന ഭാഗം. അടുത്ത വർഷങ്ങളിലെ ഏറ്റവും വലിയ ഇത്തരം ആയുധ ഇടപാടുകളിലൊന്നാണിത്.
വാഷിങ്ടൺ പോസ്റ്റാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇടപാടിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. നിർദിഷ്ട പാക്കേജിൽ 20,000 എംകെ–84 ബോംബുകളും 20,000 ബിഎൽയു–117 ബോംബുകളുമാണ് ഉൾപ്പെടുന്നത്. കൂടാതെ 20,000 ഐ–2000 പെനട്രേറ്റർ വാർഹെഡുകളും ഇടപാടിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്. ഇടപാട് സംബന്ധിച്ച് യുഎസ് കോൺഗ്രസിലെ ബന്ധപ്പെട്ട സമിതികളെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഒരു എംകെ–84 ബോംബിന് 2000 പൗണ്ട്, അതായത് ഏകദേശം 907 കിലോഗ്രാം ഭാരമുണ്ട്. ശക്തമായ സ്ഫോടനശേഷിയുള്ള ഈ വിഭാഗത്തിലെ ബോംബുകൾ കനത്ത കോൺക്രീറ്റും ലോഹ ഘടനകളും തകർക്കാൻ ശേഷിയുള്ളവയാണ്. എംകെ–84 സ്ഫോടനത്തിൽ ലോഹച്ചീളുകൾ വലിയ ദൂരത്തേക്ക് തെറിക്കാനും ഭൂമിയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗാസയിലും ലബനനിലും ഇസ്രയേൽ ഇത്തരം 2000 പൗണ്ട് ബോംബുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജനവാസ മേഖലകളിൽ ഇവ ഉപയോഗിക്കുന്നത് വലിയ ആൾനാശത്തിന് കാരണമാകുമെന്ന ആശങ്കയെ തുടർന്ന് ജോ ബൈഡന്റെ ഭരണകൂടം 2024ൽ എംകെ–84 ബോംബുകളുടെ ഒരു കയറ്റുമതി തടഞ്ഞിരുന്നു. ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ആ നിയന്ത്രണം നീക്കുകയും വിതരണം പുനരാരംഭിക്കുകയും ചെയ്തു.
വിദേശ സൈനിക ധനസഹായം വഴിയാണ് ഇടപാടിന്റെ വലിയൊരു ഭാഗം നടക്കുകയെന്നാണ് റിപ്പോർട്ട്. അതായത് അമേരിക്ക നൽകുന്ന ധനസഹായം ഉപയോഗിച്ച് ഇസ്രയേൽ യുഎസിൽനിന്ന് ആയുധങ്ങൾ വാങ്ങുന്ന രീതിയിലായിരിക്കും ഇടപാട്.
അതേസമയം, ഇടപാടിനെതിരെ യുഎസ് കോൺഗ്രസിൽ എതിർപ്പും ഉയർന്നിട്ടുണ്ട്. ഹൗസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിലെ മുതിർന്ന ഡെമോക്രാറ്റിക് അംഗം ഗ്രിഗറി മീക്സ് ഇടപാടിന് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗാസ, ലബനൻ തുടങ്ങിയ ജനസാന്ദ്ര മേഖലകളിൽ ആയുധങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുമെന്നതുമായി ബന്ധപ്പെട്ട ആശങ്കകളാണ് അദ്ദേഹം ഉന്നയിച്ചത്.




