മുംബൈ: 15 വയസുകാരൻ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ട്വന്റി20 ടീമിൽ അരങ്ങേറാൻ ഉടൻ അവസരമൊരുക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ വൈഭവും ഇടം പിടിച്ചതോടെ വൈഭവിന്റെ ഇന്ത്യൻ ജഴ്സിയിലുള്ള അരങ്ങേറ്റത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഐപിഎലിൽ തകർത്തുകളിച്ച താരം 776 റൺസുമായി ഓറഞ്ച് ക്യാപ് വിജയിച്ചതോടെയാണ് വൈഭവിനെ ഇന്ത്യൻ സീനിയർ ടീമിൽ ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഓപ്പണർമാരായി സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യമുണ്ടെങ്കിലും വൈഭവിനെ കളിപ്പിക്കാൻ വൈകരുതെന്നാണ് ഗാവസ്കറുടെ നിലപാട്.
ഗാവസ്കറുടെ വാക്കുകൾ ഇങ്ങനെ-‘‘ഞാനായിരുന്നെങ്കിൽ അയർലൻഡിനെതിരെ വൈഭവിനെ ഉറപ്പായും കളിപ്പിക്കും. അദ്ദേഹത്തിന്റെ കളി കാണാൻ എനിക്ക് താൽപര്യമുണ്ട്. സഞ്ജു സാംസണിനോ, അഭിഷേക് ശർമയ്ക്കോ പകരം വൈഭവിന് അവസരം കൊടുത്തു നോക്കണം. ഒരു മത്സരത്തിൽ ചിലപ്പോൾ സഞ്ജു പുറത്തിരിക്കാം. അല്ലെങ്കിൽ അഭിഷേക് ശർമ പുറത്തിരിക്കാം.’’
അതേസമയം ശ്രീലങ്ക എ ടീമിനെതിരായ മത്സരങ്ങൾക്കായി ഇന്ത്യ എ ടീം ക്യാംപിൽ പരിശീലനത്തിലാണ് വൈഭവ് ഇപ്പോൾ. വൈഭവിന് തുണയായി താരത്തിന്റെ പിതാവ് സഞ്ജീവും ശ്രീലങ്ക, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. വൈഭവിന്റെ പിതാവിനെയും വിദേശത്തെത്തിക്കുന്നതിനുള്ള എല്ലാ ചെലവുകളും വഹിക്കുന്നത് ബിസിസിഐയാണ്. പുതിയ സാഹചര്യം വൈഭവ് പരിചയപ്പെട്ടുവരുന്നതുവരെ പിതാവും താരത്തിനൊപ്പം തുടരും. ജൂൺ ഒൻപതിന് ദാംബുള്ളയിലാണ് ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ പോരാട്ടം. ഇന്ത്യ എ ടീമിന്റെ എല്ലാ മത്സരങ്ങളിലും കൗമാരതാരം കളിച്ചേക്കുമെന്നാണ് അറിയുന്നത്.
















































