ബെംഗളൂരു: കർണാടകയിലെ കൊപ്പാൾ ജില്ലയിലെ ഗംഗാവതി സമീപത്ത് കുടുംബ വഴക്ക് കൊണ്ടുചെന്നെത്തിച്ചത് ദാരുണ കൊലപാതകത്തിൽ. 16 കാരൻ മകൻ അച്ഛനെയും അമ്മയെയും സഹോദരിയെയും കത്തിക്ക് കുത്തിപ്പരുക്കേൽപ്പിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അച്ഛനും മകളും മരിച്ചു. അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പോലീസ് റിപ്പോർട്ട് പ്രകാരം, യങ്കണ്ണ നായിഡു (48), ഭാര്യ സൗജന്യ, മകൾ പ്രഗതി (20) എന്നിവരെയാണ് കൗമാരക്കാരൻ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പ്രഗതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യങ്കണ്ണ നായിഡുവും പിന്നീട് മരണത്തിന് കീഴടങ്ങി.
അതേസമയം അമ്മ സൗജന്യയുടെ നില അതീവ ഗുരുതരമാണ്. ബാലളാരിയിലെ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ആക്രമണം നടത്തിയ കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളും നിലവിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.
സംഭവസമയത്ത് വീട്ടിനുള്ളിൽനിന്ന് വലിയ വഴക്കവും നിലവിളിയും കേട്ടതിനെ തുടർന്ന് കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും അയൽവാസിയുടെ സഹായത്തോടെ വീട്ടുവാതിൽ പൊളിച്ചുകയറിയപ്പോൾ കണ്ടത് നാലുപേരും രക്തത്തിൽ കിടക്കുന്നതാണ്. തുടർന്ന് മുത്തശ്ശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഗംഗാവതി പോലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം കുട്ടി ഓൺലൈൻ ഗെയിമിംഗ് അടിമയായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് നയിച്ചിരിക്കാമെന്നുമാണ് പ്രാഥമിക സൂചന. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


















































