കോഴിക്കോട്: മാസപ്പടി വിവാദത്തിൽ ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശം തള്ളി ബിജെപി നേതാവ് ഷോൺ ജോർജ് രംഗത്ത്. എത്ര യഥാർഥ രേഖ കൊടുത്താലും പിണറായി വിജയൻ ഫോട്ടോസ്റ്റാറ്റ് ആണെന്ന് പറയുമെന്നും ഷോൺ പരിഹസിച്ചു. സ്വയം രാഷ്ട്രീയ ധാർമികത ഉണ്ടെന്ന് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതുന്നുണ്ടെങ്കിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാൻ അവർ തയാറാകണമെന്നും ഷോൺ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ കേസിൽ പിണറായി വിജയനാണ് പ്രതിയെന്ന് ആദ്യമേ പറഞ്ഞതാണ്. എന്നാൽ അന്ന് അവരതിനെ പ്രതിരോധിച്ചത് ഇടപാട് രണ്ട് കമ്പനികൾ തമ്മിൽ ഉള്ളതാണ് എന്ന നിലയിലായിരുന്നു. ഇപ്പോൾ വളരെ വ്യക്തമായി പൊതുസമൂഹത്തിന് ബോധ്യപ്പെടുന്ന രേഖയാണ് പുറത്തുവന്നത്. പൊതുമേഖലാ കമ്പനിയിൽ നിന്ന് ഒരു നേതാവിന്റെ മകൾ പണം കൈപ്പറ്റിയെങ്കിൽ അത് എന്തിനുവേണ്ടി എന്ന അന്വേഷണം നടക്കണം. ശക്തമായ ഡിജിറ്റൽ തെളിവുകളുണ്ട്. പിണറായി വിജയനാണ് പ്രതി എന്ന് ഇനിയെങ്കിലും അംഗീകരിക്കാൻ സിപിഎം തയാറാകണം. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് പിണറായി വിജയനെ മാറ്റാനുള്ള ധാർമികത കമ്യൂണിസ്റ്റ് പാർട്ടിയും ഘടകകക്ഷികളും കാണിക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
അതുപോലെ ഇത്രയും കാര്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, ഇനിയും എംഎൽഎ സ്ഥാനത്ത് തുടരരുത്. പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷനേതാവ് സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവയ്ക്കാൻ തയാറാവണം. അദ്ദേഹം പ്രതിയാണെന്ന് വ്യക്തമായതോടെ ഇനിയും സമൂഹത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് ആവില്ലെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.



















































