തിരുവനന്തപുരം: എം.എം. മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ചീത്ത വിളിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അങ്ങനെ അത് ശീലിച്ചുപോയി. അതിന് മറുപടി പറഞ്ഞ് സമയം കളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. ‘ഒത്തിരി ജോലിയുണ്ട്. അങ്ങേർക്കൊക്കെ മറുപടി പറഞ്ഞ് സമയം കളയാനാകുമോ? അദ്ദേഹത്തിന്റെ പ്രായം വെച്ച് ഓരോരുത്തർ പോയി ഓരോന്ന് ചോദിക്കും.
അദ്ദേഹത്തിന് എന്റെ പേരുപോലും അറിയില്ല. ചോദിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് അറിയാവുന്നത്. അങ്ങനെ അത് ശീലിച്ചുപോയി. അതിന് മറുപടിപറഞ്ഞ് സമയം കളയാനാകുമോയെന്നും’, ഷിബു ബേബി ജോൺ ചോദിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയും അധിക്ഷേപവുമായാണ് സി.പി.എം നേതാവ് എം.എം. മണി രംഗത്തുവന്നത്. സി.പി.എം നഗരംപാറ വനം വകുപ്പ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് എം.എം. മണി ഭീഷണിയും അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയത്.
കഞ്ഞിക്കുഴി മേഖലയിൽ വനംവകുപ്പ് നടത്തുന്ന കുടിയിറക്കൽ നീക്കങ്ങൾക്കെതിരെയായിരുന്നു മണിയുടെ പ്രസംഗം.മര്യാദകേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങൾക്കറിയാമെന്നും അത്തരക്കാർക്ക് വഴിയേ നടക്കാൻ കഴിയില്ലെന്നും മണി വെല്ലുവിളിച്ചു.


















































