മോസ്കോ: ഓർത്തഡോക്സ് ഈസ്റ്റർ പ്രമാണിച്ച് യുക്രെയ്നുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഈസ്റ്ററിന് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ 32 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന് ക്രെംലിൻ വ്യാഴാഴ്ച അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് ഓർത്തഡോക്സ് ഈസ്റ്റർ വാരാന്ത്യത്തോട് അനുബന്ധിച്ച് 32 മണിക്കൂർ നീളുന്ന വെടിനിർത്തൽ പ്രഖ്യാപിച്ചു. ക്രെംലിന്റെ ഉത്തരവുപ്രകാരം ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ ഞായറാഴ്ച അർഥരാത്രിവരെ റഷ്യൻ സൈന്യം എല്ലാ ദിശകളിലുമുള്ള യുദ്ധപ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് തന്നെ യുക്രെയ്ന് പ്രസിഡന്റ് സെലൻസ്കി, ഈസ്റ്റർ ആഘോഷത്തെ മാനിച്ച് യുദ്ധത്തിൽ ഇടവേള വേണമെന്നാവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ആക്രമണങ്ങൾ നിർത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഈ നിർദേശം അമേരിക്കയുടെ ഇടപെടലിലൂടെ കൈമാറിയതാണെന്ന് സെലെൻസ്കി വ്യക്തമാക്കിയിരുന്നു.
എന്നാൽ പുടിന്റെ പുതിയ പ്രഖ്യാപനത്തെക്കുറിച്ച് കീവ് ഭാഗത്ത് നിന്ന് ഉടൻ പ്രതികരണം ലഭിച്ചിട്ടില്ല. മുൻകാലങ്ങളിലും ഇത്തരത്തിലുള്ള യുദ്ധവിരാമ ശ്രമങ്ങൾ ഫലപ്രദമാകാതെ പോയിരുന്നു. കഴിഞ്ഞ ഈസ്റ്ററിലും പുടിൻ ഏകപക്ഷീയമായി 30 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പരസ്പരം കരാറുകൾ ലംഘിച്ചതായി ഇരുപക്ഷവും ആരോപിച്ചിരുന്നു.
ക്രെംലിൻ പ്രസ്താവനയിൽ “ഈ കാലയളവിൽ എല്ലാ മേഖലകളിലും യുദ്ധപ്രവർത്തനങ്ങൾ നിർത്താൻ ഉത്തരവിട്ടിട്ടുണ്ട്, എതിരാളികളിൽ നിന്ന് ഉണ്ടാകാവുന്ന പ്രകോപനങ്ങളെയും ആക്രമണങ്ങളെയും നേരിടാൻ സൈന്യം തയ്യാറായിരിക്കണം.റഷ്യൻ ഫെഡറേഷന്റെ മാതൃക പിന്തുടർന്ന് യുക്രെയ്നും ഇതേ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നും പ്രസ്താവനയിൽ
ഇതിനിടെ, അമേരിക്കയും യുക്രെയ്നും മുന്നോട്ടുവച്ച 30 ദിവസത്തെ നിബന്ധനകളില്ലാത്ത യുദ്ധവിരാമ നിർദ്ദേശം റഷ്യ തള്ളിയിരുന്നു. സമഗ്രമായ സമാധാനകരാർ വേണമെന്ന നിലപാടിലാണ് മോസ്കോ. അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾക്കും ഇതുവരെ പ്രധാന വിഷയങ്ങളിൽ പുരോഗതി ഉണ്ടായിട്ടില്ല. അതേസമയം ഏകദേശം 1,250 കിലോമീറ്റർ നീളമുള്ള ഫ്രണ്ട്‌ലൈനിൽ ഇരുപക്ഷ സൈന്യങ്ങളും ഏറ്റുമുട്ടൽ തുടരുകയാണ്.






