ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദത്തിൽ. കാളേശ്വരം പദ്ധതിയുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാക്കളെ ലക്ഷ്യമിട്ട് രേവന്ത് റെഡ്ഡിയുടെ വിവാദ പരാമർശം. വരൾച്ചാസമാന സാഹചര്യം തുടരുകയും കൃഷിക്ക് ആവശ്യമായ ജലം ലഭിക്കാതിരിക്കുകയും ചെയ്താൽ കർഷകർ എന്തുചെയ്യുമെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.
ബി.ആർ.എസ് നേതാക്കളുടെ ‘രക്തവും അഹങ്കാരവും കൊഴുപ്പും വിളകൾക്ക് ഉപയോഗിക്കാം’ എന്നും ‘ബെൽറ്റ് ഉപയോഗിച്ച് മറുപടി നൽകണ’മെന്നുമുള്ള രൂക്ഷ ഭാഷയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ മറുപടി. ‘അവരോട് (ബി.ആർ.എസ് നേതാക്കളായ കെ.ടി.ആറും ഹരീഷ് റാവുവും) കാളേശ്വരത്ത് പോയി ഒരു കല്ല് കെട്ടി വെള്ളത്തിൽ ചാടാൻ പറയൂ. നമ്മുടെ ശനി (ദൗർഭാഗ്യം) പോകും. അവർ പാപങ്ങൾ ചെയ്തു. ജനങ്ങളോട് കള്ളം പറഞ്ഞ് ചുറ്റിത്തിരിയുന്നു. ഇത് നിർഭാഗ്യകരമാണ്. കെ.സി.ആറും ഹരീഷ് റാവുവും നാണമില്ലാത്തവരാണ്. നിങ്ങൾ അവരെ (ബി.ആർ.എസ് നേതാക്കളെ) വെട്ടി അവരുടെ രക്തം കൃഷിയിടങ്ങളിൽ ഒഴുക്കിയാൽ വിളകൾ കൃഷി ചെയ്യാൻ കഴിയും.
അവരുടെ അഹങ്കാരവും കൊഴുപ്പും വിളകൾക്ക് വളമാകും. അവർ വളരെ മിടുക്കരാണ്. അവർക്ക് ബെൽറ്റിന് മറുപടി നൽകണം. നിങ്ങൾക്ക് വേണമെങ്കിൽ അവരെ പോയി കാണാം. അല്ലെങ്കിൽ വിദഗ്ധരെ അയക്കാം. ചെലവുകൾ ഞങ്ങൾ വഹിക്കാം’ -രേവന്ത് റെഡ്ഡി മറുപടി നൽകി.
ഇതിനു പിന്നാലെ ബി.ആർ.എസ് നേതാവായ കെ.ടി. രാമറാവുവും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ ‘രക്തദാഹിയായ രാക്ഷസൻ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിച്ചു. കാളേശ്വരം പദ്ധതിയെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും സംസ്ഥാനത്തിന്റെ ജലസുരക്ഷയെ പോലും അവഗണിക്കുകയാണെന്നും ബി.ആർ.എസ് നേതാക്കൾ കൂട്ടിച്ചേർത്തു.


















































