പാലക്കാട്: കോടതിക്ക് മുന്നിൽ ഭീഷണി മുഴക്കി നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര. കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിക്ക് മുമ്പാകെയാണ് ഇയാൾ ഭീഷണിമുഴക്കിയത്. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ ആദ്യം ഒന്നും പറയാനില്ലെന്ന് അറിയിച്ച ചെന്താമര പിന്നീട്, ‘തൂക്കിലേറ്റിക്കോളൂ’ എന്നും ‘മറ്റുള്ളവരെയും കൊല്ലു’മെന്നും ഭീഷണി മുഴക്കി. ‘ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജി അല്ലെന്നും എഴുതാൻ പറ്റുന്നത് എഴുതിക്കോ’ എന്നും ചെന്താമര പറഞ്ഞു.
തനിക്ക് തടസ്സംനിൽക്കുന്നവരെയെല്ലാം ഇല്ലാതാക്കുമെന്നും പ്രതി കോടതിയിൽ പറഞ്ഞു. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. 2025 ജനുവരി 27-നായിരുന്നു സംഭവം. ഒന്നര വർഷത്തിന് ശേഷമാണ് വിധി. 2019-ൽ അയൽവാസിയായിരുന്ന സജിതയെ കൊന്ന് ജയിലിൽ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. സജിതയെ 2019-ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.
ചെന്താമര നേരത്തെയും മാധ്യമങ്ങൾക്ക് മുന്നിലും ഭീഷണി മുഴക്കിയിരുന്നു. കേസിലെ സാക്ഷികളെ ഇല്ലാതാക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നു. കേസിലെ പ്രധാന സാക്ഷിയായ പുഷ്പ എന്ന അയൽവാസി, ചെന്താമര പുറത്തിറങ്ങിയാൽ തങ്ങളെയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഭയം കാരണം ഇവർക്ക് സ്വന്തം നാട്ടിൽ നിൽക്കാൻ കഴിയാതെ കോയമ്പത്തൂരിലേക്ക് താമസം മാറേണ്ടിവന്നു.


















































