വാഷിംഗ്ടൺ: പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഇറാനുമായുള്ള സമാധാന ചർച്ചകളിൽ അസിം മുനീറിന്റെ സാന്നിധ്യം വലിയ ബാധ്യതയാകുമെന്നും ചർച്ചകൾ അട്ടിമറിക്കാൻ അദ്ദേഹം ശ്രമിക്കുന്നതായും ഇൻ്റലിജൻസ് മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഈ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ കൈമാറി. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും അസിം മുനീറിന് അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ ബന്ധം മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് പ്രതികൂലമായി ഭവിക്കുമെന്നാണ് വിലയിരുത്തൽ. സമാധാന ചർച്ചകൾ അട്ടിമറിക്കാൻ മുനീർ തന്ത്രങ്ങൾ മെനയുന്നതായി സൂചനയുണ്ട്. അടുത്തിടെ ഇറാൻ കപ്പലുകൾ അമേരിക്ക ഉപരോധിച്ചതും തുടർന്ന് ഇറാൻ ചർച്ചകളിൽ നിന്ന് പിന്മാറിയതും മുനീറിന്റെ ഗൂഢതന്ത്രങ്ങളുടെ ഫലമാണെന്ന് ഇൻ്റലിജൻസ് സംശയിക്കുന്നു. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് പാകിസ്ഥാൻ മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകി ആദരിച്ചിരുന്നു.
അമേരിക്കയും ഇതേ ആദരവോടെയാണ് അദ്ദേഹത്തെ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ ഇത്രയും ബഹുമാനം നൽകിയ അമേരിക്കയെ വഞ്ചിച്ച് ഒരു ഒറ്റുകാരന്റെ സ്വഭാവമാണ് മുനീർ കാണിക്കുന്നതെന്ന് യുഎസ് ഇൻ്റലിജൻസ് കടുത്ത ഭാഷയിൽ വിമർശിച്ചു. അസിം മുനീർ സ്വാധീനശക്തിയുള്ള വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ ദോഷകരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽ, വരാനിരിക്കുന്ന നിർണ്ണായകമായ ചർച്ചകളിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന് ഇൻ്റലിജൻസ് ഏജൻസികൾ ട്രംപിന് നിർദ്ദേശം നൽകി.














































