തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചം ഒരുക്കിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ശവമഞ്ചം ഒരുക്കി പ്രതിഷേധിക്കുന്നത് പ്രാകൃതമായ സമരമുറയാണെന്നും ഇത്തരം പ്രവണതകൾ ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ജീവിച്ചിരിക്കുന്ന ഒരാളെ അപമാനിക്കാനും ആക്ഷേപിക്കാനും ശവമഞ്ചം ചുമന്നുകൊണ്ട് നടത്തുന്ന പ്രതിഷേധത്തെ ഒരിക്കലും അനുകൂലിക്കാനാകില്ലെന്നും ഇത്തരം രീതികൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
വൈസ് ചാൻസലറുടെ പേരിൽ ശവമഞ്ചമൊരുക്കുന്നത് ഏത് തരത്തിലുള്ള പ്രാകൃതമായ സമരാഭാസമാണെന്ന് ചോദിച്ച മന്ത്രി, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ചയാണ് കാലടി സംസ്കൃത സർവകലാശാലാ ക്യാമ്പസിൽ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ സംഭവം നടന്നത്. സർവകലാശാലാ ഗേറ്റിന് സമീപം വൈസ് ചാൻസലറുടെ പ്രതീകാത്മക സംസ്കാരച്ചടങ്ങുകൾ നടത്തിയതായാണ് ആരോപണം.
എന്നാൽ തങ്ങൾ നടത്തിയത് വൈസ് ചാൻസലറുടെ പ്രതീകാത്മക സംസ്കാരച്ചടങ്ങല്ലെന്ന് എസ്എഫ്ഐ നേരത്തെ വിശദീകരിച്ചിരുന്നു. തിയേറ്ററിലെ പ്രവർത്തനരഹിതമായ സ്പോട്ട് ലൈറ്റുകൾ ‘മരിച്ചതായി’ പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു പ്രതിഷേധത്തിന്റെ ഭാഗമെന്നായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആശിഷ് എസ്. ആനന്ദിന്റെയും യൂണിറ്റ് സെക്രട്ടറി എ. ശ്യാമിന്റെയും വിശദീകരണം.




