ചെന്നൈ: താൻ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നമാണെന്നും ഈ പ്രായത്തിലും വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന് ഈ അടുത്ത കാലത്താണ് താൻ തിരിച്ചറിഞ്ഞതെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ താരത്തിന്‍റെ 173-ാമത്തെ ചിത്രമായ ‘ധര്‍മ്മൻ’ ന്‍റെ പൂജാചടങ്ങിനിടെ സംസാരിക്കുകയായിരുന്നു.
തന്‍റെ വാക്കുകൾ എപ്പോഴും പലതരത്തിൽ വ്യാഖാനിക്കപ്പെടുന്നതിനാൽ ആരെങ്കിലും പ്രസംഗിക്കാൻ ക്ഷണിക്കുമ്പോൾ മടി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”ആരെങ്കിലും സംസാരിക്കാൻ വിളിച്ചാൽ പോകാൻ എനിക്ക് മടിയാണ്. കാരണം ഞാൻ സംസാരിക്കുമ്പോഴെല്ലാം അതെനിക്കും നിങ്ങൾക്കും പ്രശ്നമായി മാറുന്നു”. മിണ്ടാതിരിക്കുന്നതും വിമർശനം ക്ഷണിച്ചുവരുത്തുന്നുവെന്നും എന്തുകൊണ്ടാണ് താൻ സംസാരിക്കാത്തതെന്ന് ആളുകൾ ചോദിക്കുന്നുണ്ടെന്നും താരം വിശദീകരിക്കുന്നു.
”മിണ്ടാതിരുന്നാൽ വായിൽ കൊഴുക്കട്ടയാണോ എന്ന് ചോദിക്കും” എന്നും രജനി കൂട്ടിച്ചേര്‍ത്തു.ഇനി ഏതെങ്കിലും വിഷയത്തെക്കുറിച്ച് പ്രതികരിച്ചാൽ ആളുകൾ പലപ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനകളെ ചോദ്യം ചെയ്യുകയോ ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പാടില്ലായിരുന്നുവെന്ന് വാദിക്കുകയോ ചെയ്യാറുണ്ടെന്നും രജനി പറയുന്നു. ‘എന്തുകൊണ്ട് സംസാരിച്ചു, അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു’ എന്നൊക്കെയാണ് ആളുകൾ പറയുന്നത്.
”വളരെ വൈകിയാണ് ഞാനൊരു കാര്യം മനസ്സിലാക്കിയത്. നമ്മളെ ഇഷ്ടമില്ലാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും അത് ഇഷ്ടപ്പെടാൻ പോകുന്നില്ല. അതേസമയം, നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മൾ എന്ത് ചെയ്താലും അത് കണ്ണടച്ച് അംഗീകരിക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. നമ്മൾ എപ്പോഴും ജാഗ്രതയോടെ ഇരിക്കണം”. എല്ലാവരുടെയും അംഗീകാരം പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ലെന്നും മനുഷ്യരുടെ അഭിപ്രായങ്ങൾ പലപ്പോഴും വ്യക്തിപരമായ താല്പര്യങ്ങൾക്ക് അനുസരിച്ചാണെന്നും രജനി വിശദീകരിക്കുന്നു.














































