ബംഗളൂരു: പി ജി ഉടമയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി യുവാക്കള്‍. കസ്തൂരിനഗർ മെയിൻ റോഡിലെ ‘ലക്ഷ്മി നരസിംഹ പി.ജി’ ഉടമ മാധവ് മാത്‌ലെ (37) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് കോളജ് വിദ്യാർഥികളെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റുചെയ്തു.
ബികോം വിദ്യാർഥിയായ രാകേഷ് (21), ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയായ ഡോൺ ബ്രൈറ്റ് സൺ (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചയോടെയായിരുന്നു അറസ്റ്റ്. കഴിഞ്ഞദിവസം വൈകീട്ട് ആറോടെ പി.ജിക്ക് മുന്നിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രതികൾ പി.ജിക്ക് ഉള്ളിലെ ടാപ്പിൽനിന്ന് കാൽ കഴുകാൻ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്.
പ്രതികൾ ഈ പി.ജിയിലെ താമസക്കാരല്ലെന്ന് പൊലീസ് പറഞ്ഞു. പുറത്തുനിന്നെത്തിയവർ വെള്ളം ഉപയോഗിക്കുന്നത് മാധവ് മാത്‌ലെ ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്. തർക്കം മൂത്തതോടെ മാധവ് മാത്‌ലെ ക്രിക്കറ്റ് ബാറ്റുമായി വന്ന് വിദ്യാർഥികളെ നേരിടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, പ്രതികൾ ഇയാളുടെ കൈയിൽനിന്ന് ബാറ്റ് പിടിച്ചുവാങ്ങുകയും മാധവിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റ മാധവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതികളെ രാമമൂർത്തി നഗർ പൊലീസ് മൊബൈൽ ലൊക്കേഷനും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.















































