പാലക്കാട്: റെയിൽവേ ഡിവിഷൻ വിഭജിച്ചാൽ എന്താണ് പ്രശ്നമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യത്തിന് മറുപടിയുമായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് റെയിൽവേ ഡിവിഷൻ വിഭജനത്തിലൂടെ വ്യക്തമാകുന്നതെന്ന് ശ്രീകണ്ഠൻ ആരോപിച്ചു.
രാജീവ് ചന്ദ്രശേഖർ ഒരു ജനപ്രതിനിധിയാണെന്ന കാര്യം മറന്നുപോകരുതെന്ന് ശ്രീകണ്ഠൻ പറഞ്ഞു. കർണാടകയിൽനിന്ന് പലതവണ രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു നിമിഷം പോലും എംഎൽഎയായി തുടരാൻ രാജീവ് ചന്ദ്രശേഖറിന് യോഗ്യതയില്ലെന്നും ശ്രീകണ്ഠൻ വിമർശിച്ചു.
‘ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്ന് രാജീവ് ചന്ദ്രശേഖർ മനസ്സിലാക്കണം’ എന്നും അദ്ദേഹം പറഞ്ഞു.
കർണാടക കേന്ദ്രീകരിച്ച് രാജീവ് ചന്ദ്രശേഖറിന് ബിസിനസ് താൽപര്യങ്ങളുണ്ടെന്നും അതിനാലാണ് കർണാടകയോടാണ് അദ്ദേഹത്തിന് കൂടുതൽ താൽപര്യമെന്നും ശ്രീകണ്ഠൻ ആരോപിച്ചു.
റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രതിഷേധം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് യുഡിഎഫിൽ ആലോചന നടക്കുന്നുണ്ടെന്നും പാലക്കാട് എംപി വ്യക്തമാക്കി.






