കോഴിക്കോട്: എല്‍ഡിഎഫ് വിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സിപിഐ ആണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കെപിഎ മജീദ് ഒരു വിഷയം തുറന്നു കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തലത്തില്‍ വിഷയം ഔദ്യോഗികമായി ആലോചിച്ചിട്ടില്ല. മജീദ് ഒരു അക്കാദമിക് കാഴ്ചപ്പാടോടെയാണ് ലേഖനത്തില്‍ കാര്യം വ്യക്തമാക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുന്നണിയിലെ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുന്നതിനിടെയാണ് ചന്ദ്രികയില്‍ കെ.പി.എ മജീദിന്റെ ലേഖനം വരുന്നത്. സിപിഐയെ പ്രശംസിച്ച ലേഖനത്തില്‍ മുമ്പ് മുസ്‌ലിം ലീഗും സിപിഐയും കോണ്‍ഗ്രസും ഒന്നിച്ചുഭരിച്ച അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്താണ് കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറ പാകിയതെന്ന് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സിപിഐ മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ മാത്രമേ ചര്‍ച്ചയുടെ ആവശ്യമുള്ളൂ എന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം. വിഷയം വരും ദിവസങ്ങളില്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ കൂടുതല്‍ വാദപ്രതിവാദങ്ങള്‍ക്ക് വഴിതുറക്കാന്‍ സാധ്യതയുണ്ട്.






