കണ്ണൂർ: സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ.കെ. ശൈലജ. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമാണെന്നും സമസ്തയുടെ അഭിപ്രായപ്രകടനം ശരിയല്ലെന്നും ശൈലജ വിമർശിച്ചു.
ഇന്ന് കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടിയവരും ജീവിതത്തിന്റെ വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നവരുമാണ്. എംഎൽഎമാർ, മുനിസിപ്പൽ ചെയർപേഴ്‌സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങി നിരവധി ജനപ്രതിനിധികൾ അവരിലുണ്ട്. ജഡ്ജിമാർ, അഭിഭാഷകർ, ഡോക്ടർമാർ, അധ്യാപകർ, ടെക്നോക്രാറ്റുകൾ, തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിലും മുസ്‌ലിം സ്ത്രീകൾ സാന്നിധ്യമറിയിക്കുന്നുണ്ടെന്ന് കെ.കെ. ശൈലജ പറഞ്ഞു.
സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതും യോഗങ്ങളിൽ വേദി പങ്കിടുന്നതും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ലെന്നും ശൈലജ ചൂണ്ടിക്കാട്ടി.
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക സേവന സ്ഥാപനങ്ങളും നടത്തുന്ന സമസ്തയിൽനിന്ന് ഇത്തരമൊരു അഭിപ്രായപ്രകടനം ഉണ്ടാകുന്നത് ശരിയല്ലെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.
അന്യപുരുഷന്മാർക്കിടയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലറാണ് വിവാദമായത്. മതാഘോഷങ്ങളിൽ അതിർവരമ്പുകൾ ലംഘിക്കരുതെന്നും പരിപാടികൾ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. നിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.






