വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് യുഎസ് കോൺഗ്രസിനെ അറിയിച്ച് പെന്റഗൺ. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഇക്കൊല്ലം മുഴുവനും തടസ്സപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.
ഹൗസ് ആംഡ് സർവീസ് കമ്മിറ്റി (എച്ച്എഎസ്‌സി)ക്ക് മുൻപാകെ ചൊവ്വാഴ്ച നടത്തിയ ആശയവിനിമയത്തിലാണ് യുഎസിന്റെ ഡിഫൻസ് ഡിപ്പാർട്‌മെന്റ് (ഡിഒഡി) ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രതിനിധിസഭയിലെ അംഗങ്ങൾ ഉൾപ്പെട്ട സമിതിയാണ് എച്ച്എഎസ്‌സി. ഹോർമുസിനെ സുരക്ഷിതമാക്കുക എന്നത് കരുതിയിരുന്നതിനേക്കാൾ സങ്കീർണമായ സംഗതിയാണ്. ഇതിന് പ്രധാനകാരണം ഇറാൻ അവിടെ സ്ഥാപിച്ചിട്ടുള്ള മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൈനുകളാണെന്നും കമ്മിറ്റി അംഗങ്ങളായ നിയമനിർമാതാക്കളെ ഡിഒഡി അറിയിച്ചെന്നാണ് വിവരം.
ഹോർമുസിൽ ആകെമാനം ഇരുപതോ അതിൽ അധികമോ മൈനുകൾ ഇറാൻ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഉന്നത പ്രതിരോധ ഉദ്യാഗസ്ഥരിൽ ഒരാൾ കമ്മിറ്റിയിലെ അംഗങ്ങളെ അറിയിച്ചു. പരമ്പരാഗത ‘കോൺടാക്ട്’ മൈനുകളിൽനിന്ന് വ്യത്യസ്തമായി ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള മൈനുകളാണ് ഇപ്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ളത്. അതിവേഗം നീങ്ങുന്ന ചെറുബോട്ടുകളുടെ സഹായത്തോടെ ഇവയെ സ്ഥാപിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. റിമോട്ട് ട്രിഗറുകൾ, ജിപിഎസ് പൊസിഷനിങ് സംവിധാനം തുടങ്ങിയവ ഉപയോഗപ്പെടുത്തുന്ന ഇറാന്റെ മൈനുകളെ കണ്ടെത്തി നിർവീര്യമാക്കുക എന്നത് യുഎസ് നാവികസേനയ്ക്ക് ബുദ്ധിമുട്ടേറിയ ജോലിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഹോർമുസ് ‘ശുദ്ധീകരണ’ത്തിന് ആറുമാസം വേണ്ടിവന്നേക്കുമെന്ന വിലയിരുത്തൽ റിപ്പബ്ലിക്കൻ പ്രതിനിധികളിലും ഡെമോക്രാറ്റിക് പ്രതിനിധികളിലും അമർഷത്തിന് കാരണമായി. ഹോർമുസിലൂടെയുള്ള ഗതാഗത തടസ്സം ദീർഘകാലം നീണ്ടുനിൽക്കുന്നത് ആഗോള ഊർജവിപണിയിൽ വലിയതോതിലുള്ള വിലക്കയറ്റത്തിന് വഴിവെക്കുമെന്ന ആശങ്കയും അവർ പങ്കുവച്ചു.














































