തൃശൂർ: ക്ഷേത്രോത്സവത്തിനിടെ പരസ്യ മദ്യപാനം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വലിയ വിളക്കിനോട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടയിലാണ് പരസ്യ മദ്യപാനം നടന്നത്. ക്ഷേത്ര മതിക്കെട്ടിനകത്ത് വച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തർ നോക്കി നിൽക്കേയാണ് യുവാക്കൾ മദ്യപിച്ചത്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുപ്പിയിലുള്ള മദ്യം സംഘം മാറിമാറി കുടിക്കുന്നതും അതിനിടെ വെള്ളം അകത്താക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികരിക്കാൻ പോലും ആകാതെ ഭയത്തോടെ നോക്കി നിൽക്കുന്ന വയോധികരടക്കമുള്ള ഭക്തരെയെയും പുറത്തുവന്ന വീഡിയോയിൽ കാണാം. അതിനിടെ ഇതിനെതിരെ രംഗത്ത് വന്ന സ്ത്രീകളായ ഭക്തരോട് വെള്ളക്കുപ്പി ഉയർത്തി കാണിച്ച് ഇവർ കയർക്കുന്നുമുണ്ട്. ഉത്സവത്തിന് 2,000ൽ അധികം പോലീസുകാരും ഡ്രോൺ സംവിധാനം അടക്കമുളള 24 മണിക്കൂർ സുരക്ഷ ഏർപ്പാടാക്കുമെന്നായിരുന്നു ദേവസ്വത്തിന്റെ അവകാശവാദം.
പൊലീസിനെയും വളണ്ടിയർമാരെയും നോക്കു കുത്തിയാക്കി കൊണ്ടായിരുന്നു അഭ്യാസം. മദ്യപിക്കുന്നവരുടെ മുഖം അടക്കം വ്യക്തമായിട്ടും പരാതി നൽകാൻ പോലും ദേവസ്വം ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, പരസ്യ മദ്യപാനം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭക്തജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.


















































