പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് മേഖലയിലുണ്ടാക്കുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. മറ്റന്നാൾ സമരപ്രഖ്യാപനം നടത്താനാണ് തീരുമാനം.
മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന ആവശ്യം. നിലവിലെ നിരക്ക് ഘടനയിൽ സർവീസ് നടത്തുന്നത് സാമ്പത്തികമായി ബുദ്ധിമുട്ടാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖലയ്ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി റൂട്ടുകളും സമയക്രമങ്ങളും പുനഃക്രമീകരിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന ശുപാർശകളിലൊന്ന്. ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നതാണ് സ്വകാര്യ ബസ് ഉടമകളുടെ സാമ്പത്തിക നഷ്ടത്തിന് പ്രധാന കാരണമെന്നാണ് സമിതിയുടെ കണ്ടെത്തൽ.
കെ.എസ്.ആർ.ടി.സി.യുടെ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ പ്രതീക്ഷ നൽകുന്ന നിർദേശങ്ങളൊന്നും റിപ്പോർട്ടിലില്ലെന്നാണ് ഉടമകളുടെ പ്രതികരണം.
വിദഗ്ധ സമിതിയുടെ ശുപാർശകളിൽ തൃപ്തിയില്ലാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് സ്വകാര്യ ബസ് ഉടമകൾ വ്യക്തമാക്കി. നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അവർ സൂചന നൽകി.






