ഫരീദകോട്ട്: രക്ഷിതാക്കൾ വിദേശത്തുള്ള അഞ്ചു വയസുകാരിയെ ഇരുമ്പ് ഗേറ്റിൽ കെട്ടിയിട്ട് ശിക്ഷിച്ച പൊലീസുകരിയായ മുത്തശ്ശിക്ക് സസ്പെൻഷൻ. ഫരീദകോട്ട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറെയാണ് സസ്പെൻഡ് ചെയ്തത്. 55 വയസുള്ള മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. അച്ഛനും അമ്മയും പോർച്ചുഗല്ലിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് ക്രൂരത ആദ്യം കണ്ടത്.
കുട്ടിയുടെ കയ്യും കാലും തുണികൊണ്ട് ഇരുമ്പ് ഗേറ്റിൽ കെട്ടിയിട്ട നിലയിലായിരുന്നു.അയൽവാസികൾ എത്തി കെട്ടഴിക്കാൻ ശ്രമിക്കുന്നതിനിടെ വീടിനകത്ത് നിന്ന് വന്ന മുത്തശ്ശി കെട്ടഴിച്ച് കുട്ടിയെ വീടിനുള്ളിലേക്ക് കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു ഇതിന് പിന്നാലെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്തിനാണ് കുട്ടിയെ ഇത്ര ക്രൂരമായി ശിക്ഷിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. അച്ചടക്കലംഘനവും ക്രൂരതയും കണക്കിലെടുത്ത് എഎസ്ഐയെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായി ഫരീദ്‌കോട്ട് ഡിഎസ്പി തർലോചൻ സിംഗ് അറിയിച്ചു.സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതിയും പൊലീസും വെവ്വേറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടി ഗേറ്റിൽ കിടന്ന് കരയുന്നത് കണ്ട് തങ്ങൾ വാതിലിൽ മുട്ടിയെങ്കിലും ആദ്യം ആരും പ്രതികരിച്ചില്ലെന്ന് അയൽവാസികൾ പറഞ്ഞു. കെട്ടഴിക്കാൻ തുടങ്ങിയപ്പോഴാണ് എഎസ്ഐ പുറത്തെത്തിയത്. പുറത്തുനിന്നവരോട് കുട്ടി എന്തോ പറയാൻ ശ്രമിച്ചെങ്കിലും കുട്ടിയെ ബലമായി വീടിനുള്ളിലേക്ക് കൊണ്ടുപോയി വാതിലടയ്ക്കുകയായിരുന്നുവെന്നും അയൽ വാസികൾ പറഞ്ഞു.












































