തിരുവനന്തപുരം: വ്യാജ വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പോലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്. കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന റിപ്പോർട്ടർ ചാനലിൻ്റെ വാർത്തയിലാണ് പരാതി ഉയർന്നിരിക്കുന്നത്. വ്യാജ വാർത്തയിലൂടെ പ്രകോപനം സൃഷ്ടിക്കുകയും ലഹള ഉണ്ടാക്കാൻ പ്രേരിപ്പിച്ചതായും പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. പവർ സപ്ലൈ ആപ്പിൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു റാലിക്ക് 20 പേരെ ആവശ്യപ്പെട്ട് പരസ്യം വന്നത്. കോൺഗ്രസ് നേതൃത്വം പരസ്യം നിഷേധിച്ചിരുന്നു.
അതേസമയം പ്രചാരണത്തിൽ സിപിഎം സ്ഥാനാർത്ഥി വികെ പ്രശാന്തിനെതിരെ കെ മുരളീധരൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. തോൽക്കുമെന്ന ഭയത്താലാണ് സിപിഎം ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. വികെ പ്രശാന്താണ് ഇതിന് പിന്നിലെന്നും മുരളീധരൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജീവിതത്തിൽ ഇങ്ങനെ ഒരു തറ വേല കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂലിക്ക് ആളെ എടുക്കാൻ പരസ്യം കൊടുത്തത് കോൺഗ്രസ് തന്നെയാകണമെന്ന് വികെ പ്രശാന്ത് ആരോപിച്ചു. സ്ഥാനാർത്ഥിക്കൊപ്പം കൂടെപ്പോകാൻ ആളില്ല. മണ്ഡലത്തിൽ പ്രവർത്തിക്കാൻ ആളില്ലാത്തതുകൊണ്ട് ആളെ കൂട്ടാൻ പരസ്യമിട്ടു. എന്നിട്ട് ആരോപണം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തലയിലിടുന്നു. വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്ത് ബിജെപി ആയിരിക്കും. മുരളീധരനെ പോലെ ഒരാൾ തനിക്കെതിരെ ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും വികെ പ്രശാന്ത് കൂട്ടിച്ചേർത്തു.






