തിരുവനന്തപുരം: കല്ലമ്പലത്ത് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ റോഡിൽ ഉപേക്ഷിച്ച നിലയിലായിരുന്ന സ്വിഫ്റ്റ് കാറിനുള്ളിൽ ആഷിക്കിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
തുടർന്ന് ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കാറിനുള്ളിൽ ആഷിക്കിനെ കണ്ടെത്തിയത്.
മരണകാരണം വ്യക്തമാകുന്നതിനായി പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




