പത്തനംതിട്ട: നിയന്ത്രണം വിട്ട ടോറസ് ലോറി റോഡരികിലെ വീടിന് മുകളിലേക്ക് മറിഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം. പറക്കോട് പീടികയിൽ താമസിക്കുന്ന മറിയം ബീവി (60) ആണ് അപകടത്തിൽ മരണപ്പെട്ടത്. കെ പി റോഡിൽ പറക്കോട് സ്കൂൾ ജംഗ്ഷന് സമീപം പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്.
റോക്ക് ചിപ്സ് (കല്ലിന്റെ അവശിഷ്ടങ്ങൾ) കയറ്റി അമിത വേഗതയിൽ വന്ന ടോറസ് ലോറി നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പിന്നാലെ റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് പൂർണ്ണമായും തകർത്തുകൊണ്ട് പാഞ്ഞുകയറിയ ലോറി, തൊട്ടടുത്തുള്ള മറിയം ബീവിയുടെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടുകാർ ഉറക്കത്തിലായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്.
ലോറി മറിഞ്ഞ ആഘാതത്തിൽ വീടിന്റെ ഭിത്തി പൂർണ്ണമായും തകർന്ന് ഉള്ളിലേക്ക് വീഴുകയായിരുന്നു. ഈ സമയം മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മറിയം ബീവിയുടെ ദേഹത്തേക്കാണു ഭിത്തിയും ലോറിയിലെ അവശിഷ്ടങ്ങളും പതിച്ചത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വയോധികയുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

















































