കണ്ണൂർ: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തെ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നേതാക്കളും പ്രവർത്തകരും സംയമനത്തോടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യണം. പൊതുസമൂഹത്തിനുമുന്നിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സമസ്ത മുഖപത്രമായ ‘സുപ്രഭാതം’ നടത്തിയ വിമർശനവും സണ്ണി ജോസഫ് തള്ളി. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് കോൺഗ്രസിന്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്ക് പരിഗണനയും തുല്യനീതിയും ഉറപ്പാക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും സണ്ണി ജോസഫ് പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തെച്ചൊല്ലിയാണ് സമസ്ത മുഖപത്രം ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ രൂക്ഷ വിമർശനം ഉന്നയിച്ചത്.
മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരായ പ്രസ്താവനയെന്നാണ് എഡിറ്റോറിയലിലെ ആരോപണം. മുഖ്യമന്ത്രിയുടെ നിലപാടിനെ ‘കുരുടൻ ആനയെ തൊട്ടതുപോലെ’ എന്നും മുഖപത്രം വിശേഷിപ്പിച്ചിരുന്നു.
ശബരിമല യുവതിപ്രവേശനത്തെ ശക്തമായി എതിർത്ത സതീശൻ ഇന്ന് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയൽ വിമർശിച്ചിരുന്നു. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിച്ചതും പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലപാടുകളും ചൂണ്ടിക്കാട്ടിയായിരുന്നു സമസ്ത മുഖപത്രത്തിന്റെ വിമർശനം.
എന്നാൽ സ്ത്രീകളുടെ അവകാശങ്ങളിലും പരിഗണനയിലും കോൺഗ്രസിന്റെ നിലപാടിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ നിലപാടിനെ പാർട്ടി പൂർണമായി പിന്തുണയ്ക്കുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.






