തിരുവനന്തപുരം: ഇക്കുറി ഓണത്തിന് സ്കൂൾ കുട്ടികൾക്ക് നൽകുന്ന അഞ്ച് കിലോ സൗജന്യ അരി നാലാക്കി കുറച്ചുവെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വാദം തെറ്റെന്ന് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷവും നാല് കിലോ അരി തന്നെയാണ് വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ. ഇതു സാധൂകരിക്കാനായി നാല് കിലോ അരിയാണ് വിതരണം ചെയ്യുന്നതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പോസ്റ്റും സമൂഹമാധ്യമത്തിലൂടെ കുത്തിപ്പൊക്കിയിട്ടുണ്ട്.
സ്‌കൂൾ കുട്ടികൾക്ക് ഓണസമ്മാനമായി നൽകിയിരുന്ന സൗജന്യ അരി അഞ്ച് കിലോയിൽ നിന്ന് നാല് കിലോ ആയി ചുരുക്കിയെന്ന് സിപിഎം മുഖപത്രത്തിലും ചില ചാനലുകളിലും വാർത്ത വന്നിരുന്നു. പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക് പോസ്റ്റിലും ഇതേ കാര്യമാണ് പറയുന്നത്. എന്നാൽ, കഴിഞ്ഞ വർഷവും നാല് കിലോ തന്നെയാണ് വിതരണം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമുണ്ട്.
അതേസമയം സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചിരുന്നു.






