ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ച ഭീകര ബന്ധമുള്ള ഒൻപതംഗ സംഘത്തെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ നിർദ്ദേശപ്രകാരമാണ് ഈ സംഘം ജന്തർമന്തിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരിൽ അഞ്ചുപേർ മുതിർന്നവരും നാലുപേർ പ്രായപൂർത്തിയാകാത്തവരുമാണ്.
ഈ സംഘത്തെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് അതീവ ഗൗരവമേറിയ വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഒൻപതംഗ സംഘത്തിലെ എട്ടുപേർ ഡൽഹിയിലെ ജന്തർ മന്തറിൽ എത്തി അവിടെ പ്രതിഷേധം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി അമൃത്സർ പോലീസ് കമ്മീഷണർ വ്യക്തമാക്കി. ജന്തർ മന്തറിൽ പെട്രോൾ ബോംബ് എറിഞ്ഞ് ഭീതി സൃഷ്ടിച്ച് സമരം തകർക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ഇതിനായുള്ള പെട്രോൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ഇവർക്ക് ലഭ്യമാക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ഐഎസ്ഐ ബന്ധമുള്ള ഒരാളാണ് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകിയതെന്നും പോലീസ് വ്യക്തമാക്കി.
ജന്തർ മന്തറിൽ എത്തിയെങ്കിലും ഇവർ ലക്ഷ്യമിട്ട തരത്തിലുള്ള അക്രമങ്ങൾ അവിടെ നടത്താൻ ഇവർക്ക് സാധിച്ചില്ലെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇവർ അവിടെനിന്നും പഞ്ചാബിലേക്ക് തന്നെ മടങ്ങി പോവുകയായിരുന്നു. പഞ്ചാബ് പോലീസിന്റെ ജാഗ്രതയെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഈ ചാരസംഘം വലയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് ഇപ്പോൾ വളരെ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തിനുവേണ്ടിയാണ് ഈ സമരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്നും ഇതിന് പിന്നിലെ ഐഎസ്ഐയുടെ കൃത്യമായ താൽപ്പര്യമെന്താണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


















































