മുംബൈ: മഹാരാഷ്ട്രയിലെ ചത്രപതി സംഭാജിനഗർ ജില്ലയിൽ 19കാരനായ നീറ്റ് പരീക്ഷാർഥി ജീവനൊടുക്കിയതായി പോലീസ്. വൈജാപൂർ താലൂക്കിലെ ഖണ്ഡാല-ഭാവർബെണ്ട് ഗ്രാമത്തിലെ വീട്ടിലാണ് ബുധനാഴ്ച ദാരുണ സംഭവം നടന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയിലെ കുറഞ്ഞ മാർക്കിലുള്ള നിരാശയാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം.
സംഭവസ്ഥലത്തുനിന്ന് വിദ്യാർഥി എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതിനൊപ്പം ഡോക്ടറാകണമെന്ന തന്റെ ആഗ്രഹം പൂർത്തിയാകാത്തതിലുള്ള വിഷമവും കുറിപ്പിലുണ്ടായിരുന്നു. “സോറി… ആയി, അപ്പ, അടുത്ത ജന്മത്തിൽ തീർച്ചയായും നിങ്ങൾക്കായി ഞാൻ ഡോക്ടറാകും. ശ്രദ്ധിക്കണം, സന്തോഷത്തോടെ ഇരിക്കണം” എന്നായിരുന്നു കുറിപ്പിലെ വാക്കുകളെന്ന് പോലീസ് അറിയിച്ചു.
വൈജാപൂർ പ്രൊബേഷണറി സബ് ഡിവിഷണൽ പോലീസ് ഓഫീസർ വിനയ് സോനാവനെ പറഞ്ഞതിങ്ങനെ: വിദ്യാർഥി ആദ്യം മാർക്ക് കുറഞ്ഞതിനെ തുടർന്ന് വീണ്ടും നീറ്റ് പരീക്ഷ എഴുതിയിരുന്നു.എന്നാൽ 400ൽ താഴെ മാർക്കാണ് ലഭിച്ചത്. ഇതിൽ ഇയാൾ നിരാശനായിരുന്നു. ഈ മാർക്കിൽ എംബിബിഎസിന് പ്രവേശനം ലഭിക്കാൻ സാധ്യത കുറവാണെന്ന് മനസിലാക്കിയതാകാം കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
അതേസമയം കഴിഞ്ഞ രണ്ട് വർഷമായി വീട്ടിലിരുന്നാണ് വിദ്യാർഥി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നത്. കുടുംബവീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലായിരുന്നു ഭൂരിഭാഗം സമയവും പഠിച്ചിരുന്നത്. സംഭവസമയത്ത് കുടുംബാംഗങ്ങൾ ഗ്രാമത്തിലെ പ്രതിവാര മതപരമായ പരിപാടിയിൽ പങ്കെടുക്കാൻ പുറത്തുപോയിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വിദ്യാർഥിയെ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു.
തുടർന്ന് ഇളയ സഹോദരി മുകളിലെ നിലയിലെത്തി പരിശോധിച്ചപ്പോഴാണ് പഠനമുറിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തി. ഉടൻ വൈജാപൂർ സബ്- ഡിസ്ട്രിക്ട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ വൈജാപൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു. നീറ്റ് ഫലത്തിലുള്ള നിരാശ പ്രാഥമികമായി കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും സംഭവത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങൾ ഇപ്പോഴും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.






