പത്തനംതിട്ട: കോയിപ്രത്ത് 75കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പൊന്നമ്മ തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മകൻ ടിജോ തോമസിനെയും ഇയാൾക്കൊപ്പം താമസിച്ചിരുന്ന 37കാരിയായ റിൻസി മോളെയും കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കി പ്രതികളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ലഭിച്ച അജ്ഞാത ഫോൺ സന്ദേശത്തോടെയാണ് കേസിന്റെ അന്വേഷണം ആരംഭിച്ചത്. വിവരം ലഭിച്ച ഉടൻ ആശുപത്രിയിലെത്തിയ കോയിപ്രം എസ്.ഐ പങ്കജ് വി. കൃഷ്ണയും കീഴ്വായ്പൂർ സി.ഐ സുരേഷ് കുമാർ ജിയും മൃതദേഹത്തിൽ അസ്വാഭാവികതകൾ ശ്രദ്ധിച്ചു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.
തിരുവല്ല ഡിവൈഎസ്പി പി.ആർ. സന്തോഷിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് അയച്ചു. ഫോറൻസിക് പൊലീസ് സർജൻ ഡോ. അശ്വതിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ച നിർണായക വിവരങ്ങളാണ് സാധാരണ മരണമെന്ന രീതിയിൽ സംഭവം ഒതുക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായത്.
അതേതുടർന്ന് പൊന്നമ്മയോടൊപ്പം താമസിച്ചിരുന്ന മകൻ ടിജോ തോമസിലേക്ക് അന്വേഷണം നീണ്ടു. ഇയാൾക്കൊപ്പം താമസിച്ചിരുന്ന കൊല്ലം കാവനാട് സ്വദേശിനി റിൻസി മോളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പമാണ് താമസിക്കുന്നത്. ഇവർ തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസ്സം പിടിക്കാൻ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തു, ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എസ്‌സിപിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ്, സിപിഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണസംഘം. വേഗത്തിൽ അന്വേഷണം നടത്തി കേസിലെ പ്രതികളെ കണ്ടെത്തിയ സംഘത്തെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.






