വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് അധ്യാപികയുടെ മർദനത്തിനും അപമാനിക്കലിനും പിന്നാലെ ആറ് വയസുകാരനായ യുകെജി വിദ്യാർഥി മരിച്ചതായി റിപ്പോർട്ട്. ടൗൺ കോത്ത് റോഡ് മേഖലയിലെ ലിറ്റിൽ ഗാർഡൻസ് സ്കൂളിലെ വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്. കുട്ടിയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഹോംവർക്ക് പരിശോധിക്കുന്നതിനിടെ അധ്യാപിക കുട്ടിയെ വസ്ത്രത്തിൽ പിടിച്ചുവലിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കൈയിൽ സ്ലേറ്റുമായി അധ്യാപികയ്ക്ക് മുന്നിൽ നിൽക്കുന്ന കുട്ടി കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് അധ്യാപിക കുട്ടിയോട് എന്തോ പറയുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം ഭയന്ന് നിശ്ചലനായി നിൽക്കുന്ന കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ പ്രണയ് തേജയെ ഉടൻ വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി മെഡിക്കൽ സംഘം അറിയിച്ചു.
അധ്യാപികയുടെ മർദനവും അതിനെ തുടർന്നുണ്ടായ കടുത്ത ഭയവും മാനസിക സമ്മർദവും കുട്ടിയിൽ പെട്ടെന്നുള്ള ഹൃദയസംബന്ധമായ തകരാറിന് കാരണമായിരിക്കാമെന്നാണ് മെഡിക്കൽ വിദഗ്ധരുടെയും അധികൃതരുടെയും പ്രാഥമിക നിഗമനം. എന്നാൽ മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപികയുടെ നടപടികളും കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം വ്യാഴാഴ്ച രാവിലെ ഏകദേശം എട്ടു മണിയോടെ എഴുന്നേറ്റതിനു പിന്നാലെ മകൻ സ്കൂളിൽ പോകണമെന്ന് നിർബന്ധം പിടിച്ചെന്ന് പിതാവ് പറഞ്ഞു. ആരോഗ്യവാനായിട്ടാണ് കുട്ടി സ്കൂളിലേക്കു പോയതെന്നും വീട്ടിൽ നിന്ന് പോകുമ്പോൾ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കു ശേഷം ഞെട്ടിക്കുന്ന വാർത്തയാണ് അവരെ തേടിയെത്തിയത്.
തന്റെ മകന് എന്തോ സംഭവിച്ചുവെന്ന് ഏകദേശം ഉച്ചയോടെ തന്റെ ഭാര്യാസഹോദരന്റെ സ്ഥലത്തിനടുത്ത് ജോലി ചെയ്യുന്ന പാചകക്കാർ ഫോണിൽ വിളിച്ച് അറിയിച്ചെന്നും സ്കൂളിൽ നിന്ന് ആരും വിളിച്ചില്ലെന്നും പിതാവ് പറഞ്ഞു. കുഞ്ഞിനെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.