ചണ്ഡിഗഡ്: ചണ്ഡിഗഡിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. ചികിത്സയ്ക്കിടെ മൻജീത് റെക്കോർഡ് ചെയ്തതായി കരുതുന്ന വീഡിയോ പുറത്തുവന്നു. തന്നെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചുവെന്ന് വീഡിയോയിൽ മൻജീത് ആരോപിക്കുന്നുണ്ട്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മൻജീത് മൂന്ന് മാസത്തോളം മരണത്തോട് മല്ലിട്ട ശേഷമാണ് ഓഗസ്റ്റ് അവസാനവാരം മരണത്തിനു കീഴടങ്ങുകയായിരുന്നു.
‘ഇന്ന് നിങ്ങൾ കാണുന്ന എന്റെ അവസ്ഥ… സുര്ജിത്, ശുഭി, നേഹ, ശുഭിക്കൊപ്പമുണ്ടായിരുന്ന രണ്ട് പുരുഷന്മാർ, ഇവരെല്ലാം ചേർന്നാണ് എന്നെ തീകൊളുത്തിയത്. എന്നോട് ഇത് ചെയ്തവർക്ക് എത്രയും വേഗം ശിക്ഷ നൽകണമെന്ന് ഭരണകൂടത്തോട് ഞാൻ അഭ്യർഥിക്കുന്നു’ എന്നാണ് വീഡിയോയിൽ മൻജീത് പറയുന്നത്.
അതേസമയം ഗുരുതരമായി പൊള്ളലേറ്റ മൻജീതിനെ ആദ്യം മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് (PGIMER) മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്.
ഏകദേശം മൂന്ന് മാസത്തോളം ജീവൻ നിലനിർത്താനുള്ള പോരാട്ടം നടത്തിയ ശേഷമാണ് മൻജീത് കൗർ മരണത്തിന് കീഴടങ്ങിയത്. മരണത്തിന് പിന്നാലെ ചണ്ഡിഗഡ് പോലീസ് അന്വേഷണം ശക്തമാക്കി. മൻജീതിനെ തട്ടിക്കൊണ്ടുപോയ ശേഷം തീകൊളുത്തിയെന്നായിരുന്നു കുടുംബം നൽകിയ പ്രാഥമിക പരാതിയിലെ ആരോപണം.
ചികിത്സയ്ക്കിടെ മൻജീത് തന്നെ നടത്തിയതായി കരുതുന്ന വെളിപ്പെടുത്തലുകളുള്ള വീഡിയോ പുറത്തുവന്നതോടെ കേസിൽ പുതിയ വശം കൂടി ഉയർന്നിരിക്കുകയാണ്. വീഡിയോ യഥാർഥമാണോ, എപ്പോഴാണ് എവിടെവെച്ചാണ് ഇത് റെക്കോർഡ് ചെയ്തത്, ആരാണ് ചിത്രീകരിച്ചത് തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കും. വീഡിയോയിൽ മൻജീത് പേരെടുത്ത് പറയുന്നവരുടെ പങ്കും അന്വേഷണത്തിൽ വിശദമായി പരിശോധിക്കുമെന്നാണ് സൂചന.
കേസിൽ ഒരാളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പർമീന്ദർ സിങ് എന്ന പിന്ദയാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന റിങ്കുവിന്റെ സഹായി എന്നാണ് പിന്ദയെ അന്വേഷണ സംഘം വിശേഷിപ്പിച്ചിരിക്കുന്നത്. ആക്രമണം നടന്നത് എങ്ങനെയെന്നും തുടർന്ന് മൻജീതിന്റെ മരണത്തിലേക്ക് കാര്യങ്ങൾ എങ്ങനെ എത്തിച്ചേർന്നുവെന്നും കണ്ടെത്തുന്നതിനായി പിന്ദയെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, കേസിലെ പ്രധാന പ്രതിയെന്ന് പോലീസ് പറയുന്ന റിങ്കു ഇപ്പോഴും ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടരുകയാണ്. ചികിത്സയ്ക്കിടെ മൻജീത് നടത്തിയതായി പുറത്തുവന്നിരിക്കുന്ന ആരോപണങ്ങളും കുടുംബത്തിന്റെ പരാതിയും നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെടുത്തി പരിശോധിച്ച ശേഷമായിരിക്കും കേസിലെ തുടർനടപടികൾ.






