നാഗ്പുർ: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർത്തിയ സംഭവത്തില്‍ കുറ്റവാളികളെ തൂക്കിക്കൊല്ലണമെന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ അമ്മ. മധ്യപ്രദേശിൽ നിന്നുള്ള ആകാംക്ഷാ ചതുർവേദി എന്ന വിദ്യാർഥിനിയുടെ അമ്മ നീലം ചതുർവേദിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് കൊണ്ട് മാത്രം എന്ത് പ്രയോജനമെന്നും അവർ ചോദിച്ചു. നാഗ്പുരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നീലം ചതുർവേദി. ‘ധർമേന്ദ്ര പ്രധാന്റെ രാജികൊണ്ട് മാത്രം ഞങ്ങൾ സംതൃപ്തരല്ല. വിദ്യാർഥികളുടെ പ്രതിഷേധത്തെ പൂർണമായി പിന്തുണച്ചവരാണ് ഞങ്ങൾ.
ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വധശിക്ഷ നൽകണം.’ -നീലം ചതുർവേദി പറഞ്ഞു. ‘ആകാംക്ഷയുടെ പിതാവിന് രണ്ടുതവണ ഹൃദയാഘാതം സംഭവിച്ചു. ഇപ്പോൾ അദ്ദേഹം തളർന്നുകിടക്കുകയാണ്. ഞങ്ങളെ ആര് നോക്കും? ഞങ്ങളുടെ മകൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എല്ലാം അവൾ നോക്കുമായിരുന്നു.’ -നീലം തുടർന്നു. മധ്യപ്രദേശിൽ നിന്നുള്ള കുടുംബം ആകാംക്ഷയുടെ നീറ്റ് പരിശീലനത്തിനായാണ് നാഗ്പുരിലേക്ക് മാറിയത്. നാഗ്പുരിലെ കോച്ചിങ് സെന്ററിൽ പരിശീലനത്തിന് ചേർന്ന ആകാംക്ഷ മേയ് മൂന്നിന് നീറ്റ് പരീക്ഷയെഴുതി. നന്നായി പരീക്ഷ എഴുതി എന്ന ആത്മവിശ്വാസം ഇതിനുശേഷം ആകാംക്ഷ പ്രകടിപ്പിച്ചിരുന്നുവെന്ന് നീലം പറയുന്നു.
എന്നാൽ ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കിയതോടെ ആകാംക്ഷ കടുത്ത മാനസിക സമ്മർദത്തിലായി. തുടർന്ന് ദിവസങ്ങൾക്ക് ശേഷം ആകാംക്ഷ ജീവനൊടുക്കുകയായിരുന്നു. തന്റെ ആദ്യശ്രമത്തിൽ തന്നെ നീറ്റിൽ താൻ നല്ല മാർക്ക് നേടിയെന്നും എന്നാൽ ഇപ്പോൾ ഇനി എനിക്ക് അതിന് സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് കുറിപ്പെഴുതി വെച്ചാണ് ആകാംക്ഷ ആത്മഹത്യ ചെയ്തത്.






