കൊച്ചി: കൊച്ചിയിൽ ഇതരസംസ്ഥാനക്കാരെ ബന്ദിയാക്കിയ ശേഷം സ്ത്രീകളെ വിവസ്ത്രരാക്കി വൻ കവർച്ച നടത്തിയ സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപത്ത് വ്യാഴാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ, ആസാം സ്വദേശികളാണ് മോഷണത്തിനിരയായത്. പുലർച്ചെ 12.30 ഓടെ പ്രതികൾ മാരകായുധങ്ങളുമായെത്തി വീട്ടിൽ അതിക്രമിച്ച് കടന്നായിരുന്നു മോഷണം നടത്തിയത്. വാതിൽ തകർത്ത് അകത്ത് കടന്ന പ്രതികൾ വീട് പൂട്ടിയ ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.
ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപയോളം വിലവരുന്ന 10 മൊബൈൽ ഫോണുകളും 1,20,000 രൂപയും കൈക്കലാക്കിയ പ്രതികൾ ഇവിടെ പഴ്സിൽ സൂക്ഷിച്ചിരുന്ന എടിഎം കാർഡിൻറെ പാസ്വേർഡ് വാങ്ങിയ ശേഷം യുപിഐ ഇടപാടിലൂടെ 12,000 രൂപയും പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
ഇതിനുശേഷം വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ മോഷ്ടാക്കൾ ബലമായി വിവസ്ത്രരാക്കി. തുടർന്ന് സ്ത്രീകളിലൊരാൾ കഴുത്തിൽ ധരിച്ചിരുന്ന ഒരു പവൻ തൂക്കമുള്ള 1,20,000 രൂപ വിലവരുന്ന സ്വർണ മാലയും, നാല് ഗ്രാം തൂക്കമുള്ള 60,000 രൂപ വിലയുള്ള ഒരു ജോഡി സ്വർണ കമ്മലും മോഷ്ടിച്ച ശേഷം കടന്നുകളയുകയായിരുന്നു.






