ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു യെലഹങ്കയിൽ പതിമൂന്ന് വയസ്സുകാരനെ അയൽക്കാരൻ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. വിനായക നഗർ സ്വദേശിയായ പ്രജ്വൽ എന്ന ആൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ ഭാസ്‌കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഓടിച്ച കാർ ബുധനാഴ്ച രാത്രി തുടർച്ചയായി അപകടങ്ങളിൽപ്പെട്ടതോടെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്.
ഗണേശ വിഗ്രഹ ഘോഷയാത്ര ചടങ്ങുകൾക്കായി പടക്കം വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് രണ്ട് ദിവസം മുൻപ് ഭാസ്‌കർ പ്രജ്വലിനെ തന്റെ കാറിൽ കയറ്റിക്കൊണ്ടുപോയത്. പരിചയക്കാരനായതിനാൽ കുട്ടിക്ക് യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും വൻ തുക മോചനദ്രവ്യം ആവശ്യപ്പെടാൻ വേണ്ടിയായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് പറയുന്നു. കാറിനുള്ളിൽ വച്ച് പ്രജ്വലിന്റെ വിഡിയോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത പ്രതി, പണം ആവശ്യപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും പിന്നീട് കുട്ടിയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിനു ശേഷം കുട്ടിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിലൊളിപ്പിച്ച് പ്രതി ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിച്ചു.
ഇതിനിടയിൽ നിയന്ത്രണം വിട്ട കാർ ആദ്യം ഒരു മതിലിലിടിക്കുകയും തുടർന്ന് ബല്ലാരി സർവീസ് റോഡിൽ വച്ച് മറ്റ് ചില വാഹനങ്ങളുമായി കൂട്ടിയിടിച്ച് തുടർച്ചയായ അപകടങ്ങൾ ഉണ്ടാക്കുകയുമായിരുന്നു. അപകടം കണ്ട് ഓടിക്കൂടിയ മറ്റ് യാത്രക്കാർ കാർ തടഞ്ഞുനിർത്തി ഡ്രൈവറെ ചോദ്യം ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഡിക്കിക്കുള്ളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ, കുട്ടി പെട്ടെന്ന് കാറിനു മുന്നിലേക്ക് ചാടിയതാണെന്നും അപകടത്തിലാണ് മരിച്ചതെന്നും പറഞ്ഞ് പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമാണ് മൃതദേഹം ആന്ധ്രയിലേക്ക് കൊണ്ടുപോയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ വാദങ്ങളെല്ലാം പൊളിഞ്ഞു. കൊലപാതകത്തിനു പിന്നിൽ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.




