ആലപ്പുഴ: മുക്കുപണ്ടം പണയംവെച്ച് ഫെഡറൽ ബാങ്കിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാർ (37)യെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
2024 മേയ് 10-ന് ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലെത്തിയ പ്രതി 8.2 ഗ്രാം തൂക്കമുള്ള ആഭരണം പണയംവെച്ച് 39,000 രൂപ വായ്പയെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് അത് സ്വർണമല്ല, മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. പലിശയുൾപ്പെടെ 46,672 രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്.
സമാനരീതിയിലുള്ള തട്ടിപ്പുകേസുകളിൽ 2025-ലും 2026-ലും അനീഷ് കുമാറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം.ജെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

















































