തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന രഞ്ജിത്തിനെതിരെ നടപടിയുമായി നേതൃത്വം. അഞ്ജനയെ സംസ്ഥാന കമ്മിറ്റി ഓഫീസ് ചുമതലയിൽ നിന്നാണ് മാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോടികൾ മുക്കിയെന്നായിരുന്നു ആരോപണം. മേഖല സെക്രട്ടറി പള്ളിപ്പുറം വിജയകുമാർ, സംസ്ഥാന സമിതി അംഗം പങ്ങാപ്പാറ രാജീവ് എന്നിവരെ പാർട്ടിയിൽ നിന്ന് മാറ്റിനിർത്താനും തീരുമാനിച്ചിട്ടുണ്ട്.
തട്ടിപ്പ് നടത്തിയ പണം തിരിച്ചടക്കാനും അഞ്ജനയ്ക്ക് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. മറ്റ് മുതിർന്ന നേതാക്കൾക്കു നേരെയും നടപടിക്ക് സാധ്യത . മൊത്തം 12 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അഞ്ജന ഇതിൽ ഒരു കണ്ണി മാത്രമാണെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ട് കൈകാര്യം ചെയ്തിരുന്നത് അഞ്ജനയാണ്. 1.5 കോടി രൂപ ഇവർ തട്ടിയെടുത്തു എന്നാണ് നേതൃത്വത്തിൻ്റെ കണ്ടെത്തൽ.
ഇവരെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. കൊല്ലം ജില്ല കമ്മിറ്റിയുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ ഓഡിറ്റിംഗ് ടീം പരിശോധിച്ചപ്പോഴാണ് തിരിമറി പുറത്തുവന്നത്. ഫണ്ട് കൊണ്ടുവന്ന പെട്ടികൾ വരെ കാണാതായിട്ടുണ്ട്.

















































