ചെന്നൈ: വിവാഹമോചനക്കേസുകൾ വർധിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് മൊബൈൽ ഫോൺ ഉപയോഗമാണെന്ന് അഭിപ്രായപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി.ആർ. സ്വാമിനാഥൻ. സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ അകലം സൃഷ്ടിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്രാസ് ഐ.ഐ.ടി.യിൽ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയാണ് ജസ്റ്റിസ് സ്വാമിനാഥന്റെ പരാമർശം. അഭിഭാഷകനായും ജഡ്ജിയായും പ്രവർത്തിച്ച വർഷങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“വിവാഹമോചനക്കേസുകൾ വർധിക്കുന്നതിന് മൊബൈൽ ഫോണുകളുടെ ഉപയോഗം ഒരു പ്രധാന കാരണമാണ്. ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ആശയവിനിമയത്തിന്റെ അഭാവവും സാങ്കേതിക ഉപകരണങ്ങളോടുള്ള അമിത ആശ്രയവുമാണ് അടിസ്ഥാനം” – അദ്ദേഹം പറഞ്ഞു.
വിവാഹബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ആരോഗ്യകരമായ ആശയവിനിമയവും പരസ്പര വിശ്വാസവും സുതാര്യതയും അനിവാര്യമാണെന്നും ജസ്റ്റിസ് സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.
















































