ആലപ്പുഴ: മോഷ്ടിച്ച ബൈക്കിൽ അതിവേഗത്തിൽ യാത്ര ചെയ്ത മൂന്നു യുവാക്കളിൽ രണ്ടു പേർ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30 ന് ആലപ്പുഴ നഗരത്തിന് വടക്കുഭാഗത്ത് കൈചൂണ്ടി ജംക്‌ഷനിൽ അപകടത്തിലാണ് രണ്ടു പേർ മരിച്ചത്. മരിച്ച രണ്ടുപേരും മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശികളാണ്.
സംഘത്തിലുണ്ടായിരുന്ന മൂന്നാമനെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പനാകുളങ്ങര സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ പൂട്ടിവച്ചിരുന്ന ബൈക്കാണ് യുവാക്കൾ മോഷ്ടിച്ചത്. അതിവേഗത്തിൽ എത്തിയ ബൈക്ക് കൈചൂണ്ടി ജംക്‌ഷന്റെ തെക്കുഭാഗത്ത് വച്ച് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. തലയിടിച്ചു വീണ രണ്ട് യുവാക്കൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സുധീറിന്റെ മകൻ സബീൽ, മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറെവീട്ടിൽ റഷീദിന്റെ മകൻ റിൻഷാദ് എന്നിവരാണു മരിച്ചത്. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിന്റെ മകൻ ഷിജാസാണ് ചികിത്സയിലുള്ളത്.






