തിരുവനന്തപുരം: പിഎംഎവൈ വിവാദത്തിൽ കേന്ദ്ര സർക്കാരിനോടുള്ള മുസ്ലിം ലീഗ് മന്ത്രിമാരുടെ മൃദുസമീപനത്തെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി ഡോ. കെ.ടി. ജലീൽ. ലീഗ് മന്ത്രിമാരായ കെ.എം. ഷാജിയും ഷംസുദ്ദീനും സ്വീകരിക്കുന്ന നിലപാടുകൾ മതേതരവാദികളെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മുൻപ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയിൽ ഒന്നിച്ച് പ്രവർത്തിച്ചിരുന്നവർ ഇന്ന് ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ പദ്ധതിയായ പി.എം.എ.വൈ പ്രകാരം നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ നരേന്ദ്രമോദിയുടെ ചിത്രം വെക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്ന ഷാജിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കടമെടുത്താണെങ്കിലും ഒരു ഭരണകർത്താവിന്റെയും ചിത്രം പതിപ്പിക്കാതെ അഞ്ചു ലക്ഷം വീടുകളാണ് ഭരണകാലത്ത് പിണറായി സർക്കാർ നിർമിച്ചുനൽകിയത്. പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ മോദിയുടെ ഫോട്ടോ വെക്കാൻ മലയാളികൾ ഗതികെട്ടവരല്ല.
അത്രയും നിർബന്ധമാണെങ്കിൽ അന്വേഷണം നേരിടുന്ന ലീഗ് നേതാക്കളുടെ വീടുകൾക്ക് മുന്നിലും ‘ചന്ദ്രിക’ പത്രത്തിന്റെ ബോർഡിന് മുകളിലും മോദിയുടെ പടം പതിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഇഡിയെ ഭയന്നാണോ ലീഗ് ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം ചോദിച്ചു.






