കോഴിക്കോട്: വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ശനിയാഴ്ച മരിച്ച നരിപ്പറ്റ വടക്കേ വായാട് വേലിയേരി വി.സി. സുനിലിന്റെ പിതാവിന്റെ സഹോദര പുത്രൻ ജിജീഷ് (34) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ശനിയാഴ്ച രാത്രി സുനിലിന്റെ വീട്ടിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ജിജീഷിനെ ഉടൻതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വട്ടോളി ഗവ. എൽപി സ്‌കൂളിലെ അറ്റൻഡർ ആയിരുന്നു. അവിവാഹിതനാണ്. മൃതദേഹം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ. ദാരപ്പന്റെയും അമ്മിണിയുടെയും മകനാണ്. സഹോദരങ്ങൾ: മനോജ് (അധ്യാപകൻ), ജിജി.
അതേസമയം ശനിയാഴ്ചയാണ് ചെങ്ങന്നൂർ കോടതിയിലെ ഉദ്യോഗസ്ഥനും വായാട് സ്വദേശിയുമായ വി.സി. സുനിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് സുനിലിനെ ആക്രമിക്കുകയായിരുന്നു. സാരമായ പരുക്കേറ്റ സുനിലിനെ ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവധി കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂരിലേക്ക് മടങ്ങാനിരിക്കെയാണ് സുനിലിന്റെ അന്ത്യം.
സുനിലിന്റെ മരണത്തിന് പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡിഎഫ്ഒ എം .ജോഷിലിനെ തടഞ്ഞു വച്ച് നാട്ടുകാർ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ കെ.എം. അഭിജിത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും അടക്കം സ്ഥലത്തെത്തുകയും നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
സുനിലിന്റെ മൃതദേഹം ഞായറാഴ്ച സംസ്കരിച്ചു. കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും സാധ്യമായ പിന്തുണ ഉറപ്പാക്കുന്നതിലും ഉടൻ തീരുമാനമെടുക്കുമെന്ന് കെ.എം. അഭിജിത്ത് എംഎൽഎ അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി എത്തുന്ന കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കുമെന്നും അധികൃതർ പറഞ്ഞു.






