മുംബൈ: നേപ്പാളിലുണ്ടായ വൻ പ്രളയത്തിന്റെ ഞെട്ടലിൽ നടൻ അമിതാഭ് ബച്ചൻ. പ്രളയക്കെടുതിയുടെ ദൃശ്യങ്ങൾ കാണുന്നത് തന്നെ ഏറെ വേദനാജനകമാണെന്ന് അദ്ദേഹം തന്റെ ബ്ലോഗിൽ കുറിച്ചു. പ്രകൃതിയുടെ ക്രോധത്തോട് മനുഷ്യന് ഒരിക്കലും പോരാടാനാകില്ലെന്നും പ്രകൃതിയെ ബഹുമാനിക്കുകയും ദൈവത്തിന്റെ സാന്നിധ്യം തേടുകയും വേണമെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. ദുരന്തബാധിതർക്കായി പ്രാർഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘കൂടുതൽ ഗൗരവത്തോടെ പറയുകയാണെങ്കിൽ, നേപ്പാളിലെ വെള്ളപ്പൊക്കത്തിന്റെ നാശനഷ്ടങ്ങൾ കണ്ടിരിക്കാൻ കഴിയാത്തത്ര വേദനാജനകമാണ്. പ്രകൃതിയുടെ കോപത്തെ ഒരിക്കലും ചെറുക്കാൻ കഴിയില്ല. അതിനെ ബഹുമാനിക്കുകയും ദൈവത്തിന്റെ സാന്നിധ്യം തേടുകയും വേണം. നമ്മൾ പ്രാർഥിക്കുന്നു, കാരണം അത് എല്ലാത്തിനും അതീതമാണ്’ എന്നായിരുന്നു അമിതാഭ് ബച്ചന്റെ വാക്കുകൾ.
അമിതാഭ് ബച്ചന് പുറമെ ഇന്ത്യൻ സിനിമാലോകത്തെ നിരവധി പ്രമുഖരും നേപ്പാളിലെ ജനങ്ങൾക്ക് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. ഫർഹാൻ അക്തർ, കങ്കണ റണൗട്ട്, ഭൂമി പെഡ്‌നേക്കർ, സോനു സൂദ്, മനീഷ കൊയ്‌രാള, സഞ്ജയ് ദത്ത് തുടങ്ങിയവരാണ് ദുരന്തബാധിതർക്കായി പ്രാർഥനകളും സഹായവാഗ്ദാനങ്ങളുമായി രംഗത്തെത്തിയത്. പ്രളയത്തിൽ അകപ്പെട്ടവർക്ക് ഭക്ഷണവും താമസസൗകര്യവും പുനർനിർമാണത്തിനാവശ്യമായ സഹായവും നൽകുമെന്ന് സോനു സൂദ് അറിയിച്ചു. സഞ്ജയ് ദത്ത്, ഫർഹാൻ അക്തർ, ഭൂമി പെഡ്‌നേക്കർ എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ അടിയന്തര ഹെൽപ്‌ലൈൻ നമ്പറുകൾ പങ്കുവെച്ച് ദുരിതബാധിതർക്ക് സഹായം ലഭ്യമാക്കാനും ശ്രമിച്ചു.
നേപ്പാളിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 682 ആയി ഉയർന്നു. എട്ട് ജില്ലകളിൽനിന്നായി 675 മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ ശനിയാഴ്ച അറിയിച്ചു. ടിബറ്റിൽ ഏഴുപേരും മരിച്ചു. നേപ്പാളിലും ടിബറ്റിലുമായി ആകെ 2,980 പേരെയാണ് കാണാതായിരിക്കുന്നത്.
ദുരന്തത്തിന്റെ നാലാം ദിവസമായ ശനിയാഴ്ചയും രക്ഷാപ്രവർത്തനം ഊർജിതമായി തുടർന്നു. കൂടുതൽ പേരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ കുറഞ്ഞെങ്കിലും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. പ്രളയജലം ഒഴുകിപ്പോയ പ്രദേശങ്ങളിൽ വലിയ തോതിൽ ചെളി അടിഞ്ഞുകൂടിയതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ചവിട്ടിയാൽ താഴ്ന്നുപോകുന്ന തരത്തിലുള്ള ചെളിയാണ് പല പ്രദേശങ്ങളിലും അടിഞ്ഞുകൂടിയിരിക്കുന്നത്.
ചോച്ചൻ ഖോല, പുരേപു സാങ്‌പോ നദികളുടെ സംഗമസ്ഥാനത്ത് രൂപപ്പെട്ട പുതിയ തടാകം സ്വാഭാവികമായി വറ്റിത്തുടങ്ങിയതായി ചൈനീസ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതോടെ വീണ്ടും വലിയ പ്രളയമുണ്ടാകുമെന്ന ആശങ്കയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്.
ത്രിശൂലി നദിയിലെ ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 933 പേരെ കാണാനില്ലെന്നാണ് വിവരം. ത്രിശൂലി 3എ, 3ബി ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയ നൂറോളം പേരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ശനിയാഴ്ചവരെ 114 ഇന്ത്യക്കാരും 27 ചൈനക്കാരുമടക്കം 184 വിദേശികളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. ഹെലികോപ്റ്റർ മാർഗവും കരമാർഗവുമായി 2,265 പേരെ ഒഴിപ്പിച്ചതായി നേപ്പാൾ സൈന്യവും വ്യക്തമാക്കി. ടിബറ്റിൽ കാണാതായ 554 പേരിൽ 260 പേർ വിദേശികളാണ്. ഇവർ ഏതൊക്കെ രാജ്യക്കാരാണെന്ന വിവരം പുറത്തുവന്നിട്ടില്ല.






