കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച ദമ്പതിമാർ കസ്റ്റംസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷെരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അബുദാബിയിൽ നിന്ന് ജൂലൈ 13-ന് എത്തിയ വിമാനത്തിലെ യാത്രക്കാരായ ഇവരെ സംശയത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇരുവരും ധരിച്ചിരുന്ന പാന്റിന്റെ അരക്കെട്ടിൽ പ്രത്യേകമായി തുന്നിച്ചേർത്ത നിലയിൽ സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നതായി കണ്ടെത്തി.
കണ്ടെടുത്ത മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്താൽ 1,353.92 ഗ്രാം 24 കാരറ്റ് സ്വർണം ലഭിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ഇതിന് നിലവിലെ വിപണി വില പ്രകാരം ഏകദേശം 1.93 കോടി രൂപയിലധികം മൂല്യമുണ്ട്.
സംഭവത്തിൽ ദമ്പതികളെ അറസ്റ്റ് ചെയ്ത കസ്റ്റംസ്, സ്വർണം എത്തിച്ച ശൃംഖലയെക്കുറിച്ചും കടത്തിന്റെ ഉറവിടത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






