ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ നേതാക്കളെ ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയും ഇന്ത്യൻ ഭരണഘടനയെ നിരസിക്കുകയും ചെയ്യുന്നവരെയാണ് പ്രധാനമന്ത്രി ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ചതെന്ന് റിജിജു വ്യക്തമാക്കി.
എക്‌സിലെ കുറിപ്പിലൂടെയായിരുന്നു റിജിജുവിന്റെ വിശദീകരണം. മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നവർ, ഭരണഘടനയെ തള്ളിപ്പറയുന്നവർ, വിഘടനവാദികൾക്കൊപ്പം നിൽക്കുന്നവർ, ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുന്നവർ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വേർപെടുത്താൻ ‘ചിക്കൻസ് നെക്ക്’ മുറിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ എന്നിവരെയാണ് ‘ദിമാഗി നക്സൽ’ എന്ന് വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ ഏകദേശം 22 കിലോമീറ്റർ വീതിയുള്ള ഇടുങ്ങിയ ഭൂപ്രദേശമാണ് ‘ചിക്കൻസ് നെക്ക്’ എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഭൂമികൊറിഡോറാണിത്. 80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി ‘ദിമാഗി നക്സൽ’ പരാമർശം നടത്തിയത്. ആയുധമെടുത്ത് കാടുകളിൽ പ്രവർത്തിച്ചിരുന്ന നക്സൽ ശക്തികളെ രാജ്യത്ത് വലിയ തോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞെന്നും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗം രാജ്യം മറക്കില്ലെന്നും മോദി പറഞ്ഞു.
എന്നാൽ ആയുധധാരികളായ നക്സലിസം തകർന്നിട്ടും ‘നക്സൽ ചിന്താഗതിയുള്ളവർ’ അവസരങ്ങൾ തേടുകയും അക്രമത്തിന് വഴിയൊരുക്കുകയും രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. പൊതുജീവിതത്തിലും സർക്കാർ സമിതികളിലും മാവോയിസ്റ്റ് ചിന്താഗതിയുള്ളവർ ഉണ്ടായിരുന്നുവെന്നും ഇത്തരം ചിന്തകൾ വിവിധ സ്ഥാപനങ്ങളെയും പദ്ധതികളെയും സ്വാധീനിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ഈ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തിയിരുന്നു. ‘ദിമാഗി നക്സൽ’ എന്ന വിശേഷണം താൻ വ്യക്തിപരമായി സ്വീകരിക്കുന്നുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നും ചിദംബരം എക്‌സിൽ കുറിച്ചു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കളെ ഉദ്ദേശിച്ചല്ല പ്രധാനമന്ത്രി പരാമർശം നടത്തിയതെന്ന് വ്യക്തമാക്കി കിരൺ റിജിജു രംഗത്തെത്തിയത്.




