അമ്പലപ്പുഴ: 63കാരിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത് ഓടിരക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. മംഗലാപുരം പെരിസ് ലൈൻ ബത്തേരി ഗാർഡനിൽ രോഹിത്കുമാർ (29) ആണ് പിടിയിലായത്.
തകഴി കുന്നുമ്മ അരങ്ങശ്ശേരിൽ വീട്ടിൽ വാസന്തിയുടെ രണ്ടുപവൻ തൂക്കമുള്ള സ്വർണമാലയാണ് ഇയാൾ കവർന്നത്. വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ തകഴി കുന്നുമ്മയിൽ റെയിൽവേ പാളത്തിന് സമീപമായിരുന്നു സംഭവം.
ഗുരുദേവ പ്രാർഥനാസമിതിയുടെ പ്രാർഥനയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു വാസന്തി. പിന്നാലെയെത്തിയ പ്രതി കഴുത്തിൽ കുത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതിനിടെ വാസന്തിയും പ്രതിയും തമ്മിൽ മൽപ്പിടിത്തമുണ്ടായി. മാലയുടെ ഒരു ഭാഗം വാസന്തിയുടെ കൈയിലും ബാക്കി ഭാഗം പ്രതിയുടെ കൈയിലുമായി.
ബലപ്രയോഗത്തിനിടെ ഇരുവരും താഴെവീണതോടെ തക്കംനോക്കി പ്രതി റെയിൽവേ പാളത്തിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. വാസന്തിയുടെ മരുമകൾ ഐശ്വര്യ സ്ഥലത്തെത്തി നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. തുടർന്ന് നാട്ടുകാർ പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി.
ഓടുന്നതിനിടെ മാലയുടെ ബാക്കി ഭാഗം പ്രതി വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു. അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 മോഷണക്കേസുകളിൽ പ്രതിയാണ് രോഹിത്കുമാറെന്ന് പൊലീസ് അറിയിച്ചു. മംഗലാപുരം സൗത്ത് പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ ഏഴ് കേസുകളുണ്ട്.
ഒരാഴ്ച മുൻപാണ് പ്രതി തൃശ്ശൂരിലെത്തിയത്. തുടർന്ന് ചൊവ്വാഴ്ച തീവണ്ടിയിൽ ആലപ്പുഴയിലെത്തി. അവിടെനിന്ന് ഏതോ പാസഞ്ചർ ട്രെയിനിൽ കയറി തകഴിയിൽ ഇറങ്ങിയ ശേഷമാണ് മോഷണത്തിന് ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.




