തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം സുരക്ഷാ സംവിധാനങ്ങളിലും പ്രതിഫലിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് മുൻനിരയിൽ പരിഗണിക്കപ്പെടുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും പൊലീസ് പൈലറ്റും എസ്കോർട്ട് വാഹനവും അനുവദിച്ചെങ്കിലും, ഇരുവരും അത് നിരസിച്ച് തിരിച്ചയച്ചു.
ആരാണ് പുതിയ മുഖ്യമന്ത്രിയാകുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമില്ലാത്തതിനാലാണ് സുരക്ഷാ ക്രമീകരണങ്ങളിൽ പൊലീസ് ആശയക്കുഴപ്പത്തിലായതെന്നാണ് സൂചന. ഇരുവരും മുഖ്യമന്ത്രി സാധ്യതാപട്ടികയിൽ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായിട്ടാണ് എസ്കോർട്ടും പൈലറ്റും ഒരുക്കിയതെന്നാണ് വിവരം.
അതേസമയം, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വിവിധ സി.പി.എം നേതാക്കൾക്ക് അനുവദിച്ചിരുന്ന ഗൺമാൻ സുരക്ഷ പുനഃപരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സുരക്ഷാഭീഷണിയുടെ പേരിൽ അനുവദിച്ച ഗൺമാൻമാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ആസ്ഥാനത്ത് ശേഖരിച്ചുതുടങ്ങി.
സി.പി.എം നേതാക്കളായ ഇ.പി. ജയരാജൻ, പി. ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കു നിലവിൽ രണ്ട് ഗൺമാൻമാർ വീതമുണ്ട്. ഇതിൽ പി. ജയരാജനു മാത്രമാണ് വ്യക്തമായ സുരക്ഷാഭീഷണിയുള്ളതെന്നാണ് പൊലീസ് വൃത്തങ്ങൾ വിലയിരുത്തുന്നത്. തിരുവനന്തപുരം കോർപറേഷനിലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സി.പി.എം കൗൺസിലർക്കുപോലും വ്യക്തമായ കാരണം കൂടാതെയാണ് ഗൺമാനെ അനുവദിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ-പൊതു വ്യക്തികൾക്കായി ഏകദേശം അഞ്ഞൂറോളം ഗൺമാൻമാരെ നിയോഗിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ സെഡ് കാറ്റഗറി സുരക്ഷ പ്രായോഗികമായി ഉപയോഗിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ സാധാരണ ഡ്യൂട്ടിയിലേക്ക് മടങ്ങിയിട്ടില്ല.
പുതിയ മന്ത്രിസഭ രൂപീകരണം പോലും പൂർത്തിയാകുന്നതിന് മുൻപേ, ഭാവി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ സംഘങ്ങളിൽ സ്വന്തം അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവിധ കോൺഗ്രസ് നേതാക്കൾ സമ്മർദം ആരംഭിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.

















































