ആലപ്പുഴ: കരുവാറ്റയിൽ 67കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം പുറത്തറിയുകയും പൊലീസ് പിടികൂടുകയും ചെയ്താൽ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ കൗമാരക്കാർ നേരത്തെ തന്നെ ‘പ്ലാൻ ബി’ തയ്യാറാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മരുന്ന് വാങ്ങാനാണ് ഹരിപ്പാട്ടെത്തിയതെന്നും പൊലീസിനോട് പറയാൻ കൗമാരക്കാർ പരസ്പരം തീരുമാനിച്ചിരുന്നതായാണ് വിവരം. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ചാറ്റുകളും വാട്സാപ്പ് സന്ദേശങ്ങളും അന്വേഷണത്തിൽ നിർണായകമായി.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം സ്വന്തം പിതാവിന്റെ മേൽ ചുമത്താനും കൗമാരക്കാരി ശ്രമിച്ചതായി പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ വാട്സാപ്പിൽ അവശേഷിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
പിടിക്കപ്പെട്ടാലും വലിയ ശിക്ഷ ലഭിക്കില്ലെന്ന് പെൺകുട്ടി മറ്റ് മൂന്ന് കൗമാരക്കാരോട് പറഞ്ഞിരുന്നതായും പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേസിൽ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലാണ് പൊലീസ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് കൗമാരക്കാരെ ഈ മാസം 22ന് കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകും. തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
പെൺകുട്ടി ഉന്നയിച്ച ബാഡ് ടച്ച് ആരോപണത്തിലും അന്വേഷണം വേഗത്തിലാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളിൽനിന്നും മൊഴിയെടുക്കും. കേസിൽ ലഭ്യമായ ഡിജിറ്റൽ തെളിവുകളും മൊഴികളും വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.






