കോഴിക്കോട്: ആരെതിർത്താലും മതനിയമങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും തന്റെ മുൻനിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സമസ്തയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബി കാണിച്ചുതന്ന ശരീഅത്ത് ആരെതിർത്താലും അതേക്കുറിച്ച് തുടർന്നും പറയുകതന്നെ ചെയ്യുമെന്ന് കാന്തപുരം വ്യക്തമാക്കി. മതനിയമങ്ങൾ സംബന്ധിച്ച തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കാന്തപുരത്തെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ആരോപിച്ചു. ആഗോളതലത്തിലുള്ള പണ്ഡിതന്മാരും പ്രമുഖ വ്യക്തിത്വങ്ങളും കാന്തപുരത്തിനൊപ്പമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
കാന്തപുരത്തിന് പിന്തുണയുമായി എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരവും രംഗത്തെത്തി. നാലായിരത്തിലധികം പെൺകുട്ടികളെ ദത്തെടുത്ത് മികച്ച വിദ്യാഭ്യാസം നൽകുകയും വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ് കാന്തപുരമെന്ന് അദ്ദേഹം പറഞ്ഞു.
കാന്തപുരത്തെ സ്ത്രീകളെ പിന്നോട്ടുനയിക്കുന്ന വ്യക്തിയെന്നും സ്ത്രീവിരോധിയെന്നും ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നതായും റഹ്‌മത്തുള്ള സഖാഫി ആരോപിച്ചു. എന്നാൽ സ്ത്രീകളുടെ വിഷയങ്ങൾക്ക് പ്രവാചകൻ മുഹമ്മദ് നബി വലിയ പ്രാധാന്യം നൽകിയിരുന്നുവെന്നും അവർക്കായി പ്രത്യേകമായി ക്ലാസുകൾ സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഖുർആനിൽ സ്ത്രീകളുടെ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ‘സൂറത്തുന്നിസാ’യും മറിയം ബീവിയുടെ പേരിലുള്ള ‘സൂറത്ത് മറിയം’ ഉൾപ്പെടെയുള്ള അധ്യായങ്ങളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾ അവഗണിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ അവർക്ക് എല്ലാവിധ പരിഗണനയും നൽകി പ്രവാചകൻ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയെന്നും റഹ്‌മത്തുള്ള സഖാഫി പറഞ്ഞു.






